ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെ തന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്നതുമാണ് ഇത്. സ്കിൻ കാൻസർ അഥവ ചർമാർബുദം വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാർഗമാണ് സ്കിൻ കെയർ സെൽഫ് എക്സാം.
എന്താണ് സ്കിൻ കെയർ സെൽഫ് എക്സാം?
എക്സാം എന്ന് കേട്ട് ഭയപ്പടേണ്ട കാര്യമില്ല. വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന ലളിതമായ ഒന്നാണിത്. ശരീരത്തിന്റെ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിലാണ് ചർമാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ എന്നാൽ മറ്റ് ഭാഗങ്ങളിൽ കാൻസർ വികസിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. തല മുതൽ കാൽ വരെ കാണാവുന്ന തരത്തിലുള്ള വലിയൊരു കണ്ണാടിയും ഒരു കൈ കണ്ണാടിയുമാണ് സ്കിൻ കെയർ സെൽഫ് എക്സാം വേണ്ട ഉപകരണങ്ങൾ.
സ്കിൻ കെയർ സെൽഫ് എക്സാം എങ്ങനെ ചെയ്യാം
വലിയ കണ്ണാടിയും കൈ കണ്ണാടിയും ഉപയോഗിച്ച് തലയോട്ടി മുതല്‍ കാല്‍ പാദം വരെയുള്ള ചര്‍മം വിശദമായി പരിശോധിക്കുക. മോണയിലോ നാവിന്റെ മുകളിലോ താഴെയോ കവിളിനുള്ളിലോ വെളുത്ത പാടുകളോ കറുത്ത പാടുകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ചര്‍മത്തിലെ മറുകുകൾ, പുള്ളികൾ എന്നിവയിലെ മാറ്റങ്ങൾ, ചർമ അവസ്ഥകളെയോ അണുബാധകളെയോ സൂചിപ്പിക്കുന്ന പുതിയ പാടുകൾ ഉണ്ടോയെന്നും പരിശോധിക്കാം. മാസത്തിലൊരിക്കല്‍ സ്വയം ചര്‍മ പരിശോധന നടത്തുന്നത് ചര്‍മാര്‍ബുദം മാത്രമല്ല എക്സിമ, അലര്‍ജി, ചര്‍മ സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കും. മറുകു വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്; കണ്ടില്ലെന്ന് നടിക്കരുത്, സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം
എന്തൊക്കെ പരിശോധിക്കണം
- മറുകുകളുടെ ആകൃതി, വലിപ്പം അല്ലെങ്കിൽ നിറം മാറുന്നുണ്ടോ
- വിചിത്രമായ ആകൃതിയോ ക്രമരഹിതമായ അതിരുകളോ ഉള്ള മറുകു
- ഒന്നിലധികം നിറങ്ങളുള്ള മറുക്
- നേരിയ ചൊറിച്ചിൽ അല്ലെങ്കിൽ രക്തസ്രാവമുള്ള മറുക്
- പുതിയതോ വളരുന്നതോ ആയ മുഴകള്‍
- ചുവപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ള പാടുകൾ
- സ്പർശനത്തിന് മൃദുവായ പിങ്ക് നിറത്തിലുള്ള പാടുകൾ
- കഠിനമായ മുഖക്കുരു
- രക്തം വരുകയോ സുഖപ്പെടാതിരിക്കുകയോ ചെയ്യുന്ന വ്രണം
- ചുണങ്ങു
- അരിമ്പാറ
content highlight: Skin cancer