Kerala

റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്‍ കണ്ടെത്തിയ സംഭവം; രണ്ടുപേർ പിടിയിൽ – telephone post across railway tracks in kollam suspects arrested

രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പോലീസ് ശേഖരിച്ചിരുന്നു

കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പോലീസ് പറഞ്ഞു.

ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പോലീസ് ശേഖരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പോലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

STORY HIGHLIGHT: telephone post across railway tracks in kollam suspects arrested