ചേരുവകൾ
മധുര കിഴങ്ങ് – 300 ഗ്രാം
ഗോതമ്പ് പൊടി – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്
തേങ്ങ ചിരകിയത് – 1. 1/4 കപ്പ്
ശർക്കര – 1/2 കപ്പ്
ഏലക്ക പൊടി
തയ്യാറാക്കുന്ന രീതി
മധുരക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കിയ ശേഷം ഇഡലി ചെമ്പിന്റെ തട്ടിൽ വച്ച് ആവി കേറ്റി എടുക്കുക. ശേഷം ഇതിന്റെ ചൂടൊക്കെ ആറി കഴിഞ്ഞ് നമുക്കിതിലെ തൊലിയെല്ലാം മാറ്റി കൈകൊണ്ട് തന്നെ നന്നായി ഉടച്ചു വെക്കാം. ഇനി ഇതിലേക്ക് ഗോതമ്പുപൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു കൊടുത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒട്ടും തന്നെ വെള്ളം ഒഴിക്കാതെ കട്ട ഒന്നുമില്ലാതെ നന്നായി കുഴച്ച് എടുക്കണം. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുത്തു നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് ശർക്കര പൊടി കൂടി ചേർത്തു കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
വെള്ളമെല്ലാം വറ്റി നല്ല കട്ടിയായ ഒരു മിക്സ് ആവുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇതിലേക്ക് ഒരു നുള്ള് ഉപ്പും, കുറച്ച് ഏലക്ക പൊടിയും കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇനി നമുക്ക് ആദ്യം കുഴച്ചു വച്ചിരിക്കുന്ന മാവ് ഒന്ന് പരത്തിയെടുക്കാം. അതിനായി ഒരു ബട്ടർ പേപ്പറിൽ കുറച്ച് എണ്ണ തടവിയ ശേഷം കുറച്ചു മാവെടുത്ത് അതിൽ വെച്ച് കൊടുത്ത് ബട്ടർ പേപ്പർ കൊണ്ട് കവർ ചെയ്തു ഒന്ന് പരത്തിയെടുക്കുക. ഇനി പരത്തിയെടുത്ത പത്തിരിയുടെ സൈഡിലായി കുറച്ച് ഫിലിംഗ് വച്ചുകൊടുത്തു നമ്മൾ അടയെല്ലാം മടക്കുന്നത് പോലെ മടക്കി സൈഡിൽ ഒട്ടിച്ചു കൊടുക്കുക.
ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ഇനി നമുക്ക് ഇത് പൊരിച്ചെടുക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ഇത് രണ്ടു സൈഡും മറിച്ചു തിരിച്ചു എടുക്കുക. പൊരിക്കാതെ നമുക്ക് ഇത് വേണമെന്നുണ്ടെങ്കിൽ ആവി കേറ്റിയും എടുക്കാം. അതിനായി ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തടവിശേഷം നമ്മൾ ഈ ഒരു സ്നാക് അതിലേക്ക് വെച്ച് കൊടുത്ത് എടുത്താലും മതിയാകും.