സിസേറിയനിടെ 23കാരിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിയ കേസില്‍ സർക്കാർ ഡോക്ടർക്ക് പിഴയിട്ട് കോടതി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് കോടതി 3.15 ലക്ഷം രൂപ പിഴയൊടുക്കാൻ ശിക്ഷ വിധിച്ചത്. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
നെയ്യാറ്റിന്‍കര അമരവിള പ്ലാവിള ജെ.ജെ. കോട്ടേജില്‍ ജിത്തുവാണ് പരാതി നൽകിയത്. പിഴവുണ്ടായത് ഒപ്പമുണ്ടായിരുന്ന നഴ്സിനാണെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിച്ചില്ല. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്ന് തവണ ഡോക്ടർ സുജയെ വന്ന് കാണുകയും ചെയ്തു. എന്നാൽ ഡോക്ടർ വേദന സംഹാരി നൽകി മടക്കി അയക്കുകയായിരുന്നു ചെയ്തത്.
2023 മാർച്ച് മൂന്നിന് വേദനയെത്തുടർന്ന് ജിത്തു വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സർജിക്കൽ മോപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് പെർമനന്റ് അദാലത്തിനെ പരാതിയുമായി ജിത്തു സമീപിച്ചത്. തനിക്കല്ല നഴ്സിനായിരുന്നു പിഴവ് പറ്റിയത് എന്നായിരുന്നു ഡോ. സുജ കോടതിയിൽ വാദിച്ചത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. മാത്രമല്ല ശസ്ത്രക്രിയ കഴിഞ്ഞാൽ എന്തൊക്കെ സാധനങ്ങൾ പുറത്തുണ്ട് എന്ന ലിസ്റ്റ് ഡോക്ടർമാർ തയ്യാറാക്കണം. അത്തരം ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
STORY HIGHLIGHT: doctor fined for leaving surgical mop in patients uterus