കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്ക് ലഭിക്കാനുള്ള യുജിസി ഏഴാം ശമ്പള കമ്മിഷൻ പരിഷ്കരണ കുടിശ്ശികക്ക് വേണ്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഗവൺമെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ.
ശമ്പള പരിഷ്കരണ കുടിശ്ശികയായി 2016 ജനുവരി മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ ലഭിക്കേണ്ട 1500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കാർ കോളജ് അധ്യാപകരുടെ സർവീസ് സംഘടനയായ ജിസിടിഒ ട്രൈബ്യൂണലിനെ സമീപിച്ചത്. കേരളത്തിന് ഇനി യുജിസി കുടിശ്ശിക നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ കേരള സർക്കാരിനൊപ്പം യുജിസിയെയും കേന്ദ്ര സർക്കാരിനെയും എതിർ കക്ഷികളാക്കിയാണ് സംഘടന ഹർജി നൽകിയത്. 2016 ജനുവരി മുതൽ 2019 മാർച്ച് വരെയാണ് കേന്ദ്ര സഹായം ലഭിക്കേണ്ടിയിരുന്നത്. കേരള സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട അൻപത് ശതമാനം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാതിരുന്ന സാഹചര്യമുണ്ടായത്. എന്നാൽ, മൂന്ന് വർഷത്തെ ശമ്പള പരിഷ്കരണ ബാധ്യതയിൽനിന്ന് കേന്ദ്ര സർക്കാരിനും പൂർണമായി മാറി നിൽക്കാനാകില്ലെന്ന് ജിസിടിഒ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
STORY HIGHLIGHT: kerala college teachers take legal action