Kerala

ചോദ്യപേപ്പർ ചോർത്തിയിട്ടില്ല, ചോദ്യങ്ങള്‍ പ്രവചനം മാത്രം; ക്രൈംബ്രാഞ്ചിനോട് ഷുഹൈബ് – shuhaib to crime branch

ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു

ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബ്. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്.

ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന മൊഴി ചോദ്യം ചെയ്യലില്‍ ഉടനീളം ഷുഹൈബ് ആവര്‍ത്തിച്ചു. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പങ്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

ഷുഹൈബിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ഈ മാസം 25 വരെ അറസ്റ്റ് പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

STORY HIGHLIGHT: shuhaib to crime branch