കോഴിക്കോട്: കേരളത്തിന്റെ തീരക്കടലിൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ എൽഡിഎഫും യുഡിഎഫും സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കേരളത്തെ അതീവ ഗൗരവമായി ബാധിക്കുന്ന വിഷയമാണിത്. കടലിൽ മാത്രമല്ല, വനത്തിലും ഖനനത്തിനുള്ള നീക്കം നടക്കുകയാണ്. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇതിനെതിരെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. യുഡിഎഫ് കൺവീനർ എം.എം.ഹസനുമായി ഇക്കാര്യം ചർച്ച ചെയ്തു. അവർ സന്നദ്ധത അറിയിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാമെന്ന സൂചന നൽകി എൽഡിഎഫ് സർക്കുലർ ഇറക്കിയിട്ടില്ല. വൻകിട പദ്ധതികളിലൂടെ കിഫ്ബിക്കു വരുമാനമുണ്ടാക്കാം എന്നതു സംബന്ധിച്ചു സർക്കുലർ ഇറക്കിയിരുന്നു. വരുമാനമുണ്ടാക്കാൻ സർക്കാരിനു പല വഴികൾ തേടാവുന്നതാണ്. ടോൾ പിരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ജലവിനിയോഗ പരിശോധനയും പഠനവും നടത്തിയ ശേഷമേ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി സ്ഥാപിക്കാവൂ. അതു കുടിവെള്ളത്തെയും കൃഷിയെയും ഒരു വിധത്തിലും ബാധിക്കാൻ പാടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.