Celebrities

എനിക്ക് പേടി തോന്നുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി ഭൂമി പട്നേക്കർ പ്രതികരിക്കുന്നു | Hema Patnekkar

എബിപി നെറ്റ്‌വർക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ 2025ൽ സംസാരിക്കുകയായിരുന്നു നടി

വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന നടിമാരിലൊരാളാണ് ഭൂമി പട്നേക്കർ. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഭൂമി. എബിപി നെറ്റ്‌വർക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ 2025ൽ സംസാരിക്കുകയായിരുന്നു നടി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഹൃദയഭേദകവും ഭയാനകവുമാണെന്ന് ഭൂമി പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് ഭയം തോന്നുന്നുവെന്നും ഭൂമി പട്നേക്കർ കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയിൽ ഇന്ന് എനിക്ക് ഭയമാണ്. ഇത് വെറും സാഹോദര്യത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്.
മുംബൈയിൽ എനിക്കൊപ്പം താമസിക്കുന്ന എന്റെ കസിൻ കോളജിൽ പോയി 11 മണിക്കുള്ളിൽ വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ എനിക്ക് പേടിയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് മാത്രം ഒന്നാം പേജിൽ വാർത്തകൾ വരുന്നതിലും പ്രശ്നമുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു കാര്യമല്ല, സ്ഥിരം സംഭവമാണ്”.- ഭൂമി പറഞ്ഞു.

ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോടും നടി പ്രതികരിച്ചു. തനിക്കത് നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി സമ്മതിച്ചു. “ഒരു അഭിനേതാവ് ആകുന്നതിന് മുൻപ് അടുക്കും ചിട്ടയുമുള്ള ഒരു സ്ഥാപനത്തിലായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഞാൻ മുറിയിലില്ലാതെ അല്ലെങ്കിൽ എന്റെ സാന്നിധ്യമില്ലാതെ എന്റെ കാസ്റ്റിങ് ഡയറക്ടർ ഒരു പെൺകുട്ടിയെ പോലും തിരഞ്ഞെടുക്കാറില്ല.
അതാണ് ഞാൻ വളർന്ന സാഹചര്യം. യഷ് രാജ് ഫിലിംസിൽ കാസ്റ്റിങ് ഡയറക്ടറായി ജോലി ചെയ്യുമ്പോൾ എനിക്ക് 17 വയസായിരുന്നു. എനിക്ക് നേരിട്ട് അത്തരം അനുഭവമൊന്നും ഉണ്ടായിട്ടില്ല. എന്നുവച്ച് അങ്ങനെ സംഭവിക്കുന്നില്ല എന്നല്ല അതിനർഥം. അങ്ങനെ സംഭവിക്കുന്നുണ്ട്. അതേക്കുറിച്ച് തുറന്നുപറയാൻ ധൈര്യപ്പെട്ട നിരവധി സ്ത്രീകൾ നമ്മുടെയിടയിലുണ്ട്. ഒരു പെൺകുട്ടിയുടെ അനുഭവത്തെ ഞാൻ ഒരിക്കലും നിഷേധിക്കില്ല.,” ഭൂമി പറഞ്ഞു.
സിനിമാ മേഖലയിൽ വേതനത്തിന്റെ കാര്യത്തിൽ നേരിടുന്ന അസമത്വത്തേക്കുറിച്ചും നടി വെളിപ്പെടുത്തി. സിനിമയിൽ മാത്രമല്ല സര്‍വത്ര മേഖലയിലും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും ഭൂമി പറഞ്ഞു.

“ഏതൊരു വലിയ സ്ഥാപനത്തിന്റെയും ഉന്നതസ്ഥാനത്തിരിക്കുന്ന സ്ത്രീയുടെ ശമ്പളം നോക്കുകയാണെങ്കില്‍ അത് കുറവായിരിക്കും. എല്ലാ മേഖലകളിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്. നടന്‍മാരാണ് സിനിമയില്‍ ബിസിനസ് നടപ്പാക്കുന്നതെന്ന് പറയും. എന്നാല്‍ എന്നേക്കാളും താഴെ മാര്‍ക്കറ്റുള്ള നടന്‍മാര്‍ക്ക് എന്നേക്കാള്‍ വേതനം നല്‍കിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംഭവം പറയുകയാണെങ്കിൽ എന്റെ ഒപ്പം അഭിനയിച്ച നടന് ഓഫർ ചെയ്തതിന്റെ അഞ്ച് ശതമാനം ആണ് നിർമാതാക്കൾ എനിക്ക് ഓഫർ ചെയ്തത്. ഞാനീ താരതമ്യം നടത്തുന്നത് എനിക്കും അദ്ദേഹത്തിനും ഒരുപോലെ ഹിറ്റുകൾ ഉള്ളതുകൊണ്ടാണ്. ‘സിനിമയ്ക്കായി സന്യാസിമാരുടെ ശരീരഭാഷ വരെ പഠിച്ച് തമന്ന! ഇത് വലിയ അനു​ഗ്രഹമാണ്’; ഒഡെല 2വിനേക്കുറിച്ച് നടി
ഞങ്ങൾ ഒരുമിച്ച് ഒരേ സമയത്ത് സിനിമയിലെത്തിയവരാണ്. എന്നിട്ടും അദ്ദേഹത്തിന് 80 ശതമാനം കൂടുതൽ ലഭിച്ചു. എനിക്ക് വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്. എനിക്കും മറ്റുള്ളവർക്കും ഒരുപോലെ നിൽക്കാൻ പറ്റുന്ന ഒരു സാഹചര്യം വേണമെന്നാണ് എന്റെ ആ​ഗ്രഹം. തുല്യതയില്‍ വിശ്വസിക്കുന്ന നിരവധി നിര്‍മാതാക്കൾ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ടെന്നും” ഭൂമി പറഞ്ഞു.

content highlight: Hema Patnekkar