India

കുംഭമേളയിൽ കാണാതായ ഭാര്യ കഴുത്തറുക്കപ്പെട്ട നിലയിൽ ; 3 മാസത്തെ ആസൂത്രണം ഭർത്താവ് പിടിയിൽ – prayagraj kumbh mela murder case

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി കാണാതായ വീട്ടമ്മ കൊല്ലപ്പെട്ട കേസിന്റ ചുരുളഴിച്ച് പോലീസ്. ഡൽഹി ത്രിലോക്പുരി സ്വദേശി അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണു കൊല്ലപ്പെട്ടത്. ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയത് ഭർത്താവ് അശോകാണെന്നു കണ്ടെത്തി. ഫെബ്രുവരി 18ന് രാത്രി ജുൻസി പ്രദേശത്തായിരുന്നു സംഭവം.

പ്രയാഗ്‌രാജിൽ എത്തിയ ദമ്പതികൾ വിഡിയോകളും ഫോട്ടോകളും എടുത്തിരുന്നു. ഈ ചിത്രങ്ങൾ വീട്ടിലുള്ള മക്കൾക്ക് അയച്ച് സന്തോഷത്തിലാണെന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചിരുന്നു. രാത്രി ചെറിയ ഹോംസ്റ്റേയിലായിരുന്നു ഇരുവരുടെയും താമസം. അന്വേഷണത്തിൽ ഭർത്താവാണു പ്രതിയെന്നു കണ്ടെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആസാദ് നഗർ കോളനിയിലെ ഹോംസ്റ്റേയുടെ കുളിമുറിയിൽ 40 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്നാണു പോലീസിനു കിട്ടിയ വിവരം.

മഹാകുംഭമേളയിലെ തീർഥാടകർക്കു ഗസ്റ്റ് ഹൗസായി അനുവദിച്ച സ്ഥലമാണിത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു. തലേന്നു രാത്രി ഭാര്യാഭർത്താക്കന്മാരാണെന്ന് പരിചയപ്പെടുത്തി ഒരു പുരുഷനൊപ്പമാണു സ്ത്രീ ഹോംസ്റ്റേയിൽ എത്തിയിരുന്നത്. ഹോംസ്റ്റേ മാനേജർ അവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങാതെയാണു മുറി അനുവദിച്ചത്. 18ന് രാത്രി മീനാക്ഷി ഭർത്താവിനൊപ്പം ഡൽഹിയിൽനിന്നു പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 21ന് മീനാക്ഷിയാണു കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഭർത്താവ് അശോക് കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അശോക് കുറ്റം സമ്മതിച്ചു. 3 മാസമായി ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അശോക് പറഞ്ഞു. ശുചീകരണ തൊഴിലാളിയായ അശോകിനു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം തുടരാനായി ഭാര്യയെ ഇല്ലാതാക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തത്.

കുംഭമേളയ്ക്കു പോകാനെന്ന വ്യാജേനയാണ് അശോക് ഡൽഹിയിൽനിന്നു മീനാക്ഷിക്കൊപ്പം പുറപ്പെട്ടത്. ദമ്പതികൾ ജുൻസിയിലെത്തി ഹോംസ്റ്റേയിൽ മുറിയെടുത്തു. രാത്രിയായപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മീനാക്ഷി കുളിമുറിയിലേക്കു പോയപ്പോൾ, അശോക് പിന്നിൽനിന്ന് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചെന്നും പോലീസ് പറഞ്ഞു. രക്തം പുരണ്ട വസ്ത്രങ്ങൾ ഇയാൾ സ്ഥലത്തുനിന്നു മാറ്റി. കത്തി ഇതിൽ പൊതിഞ്ഞിരുന്നു. തെളിവുകൾ നശിപ്പിച്ച അശോക് മകൻ ആശിഷിനെ വിളിച്ചു കുംഭമേളയുടെ തിരക്കിൽ മീനാക്ഷിയെ കാണാതായെന്നു പറഞ്ഞു. അച്ഛന്റെ വിശദീകരണത്തിൽ മകൻ അശ്വിനു സംശയം തോന്നിയിരുന്നു. പരസ്പരവിരുദ്ധമായ മൊഴികൾ കൂടിയായതോടെ അശോകിനെ പോലീസ് അറസ്റ്റ് ചെയ്തു.

STORY HIGHLIGHT: prayagraj kumbh mela murder case