യു.എസില്‍ നിന്ന് നാടുകടത്തിയ 12 ഇന്ത്യക്കാരുമായുള്ള വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. യു.എസില്‍ നിന്ന് പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. ഇതില്‍ നാലുപേര്‍ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരില്‍നിന്ന് ആദ്യമെത്തുന്ന ആളുകളാണ് ഇവര്‍. തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തിലാണ് ഇവരെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യക്കാരുള്‍പ്പെടെയുള്ള 299 കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് മാറ്റിയിരുന്നത്. പാനമ, കോസ്റ്ററീക്ക തുടങ്ങിയ രാജ്യങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ യു.എസിനെ സഹായിക്കുന്നുണ്ട്. കുടിയേറ്റക്കാരെ ഇവിടേക്ക് മാറ്റിയതിനുശേഷം അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക.
അനധികൃത കുടിയേറ്റക്കാരെയെല്ലാം നാടുകടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പാനമയിലുള്ള യു.എസ് കുടിയേറ്റക്കാരില്‍ 40 ശതമാനം ആളുകളും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്തവരാണ്. സ്വയം തിരികെ പോകാന്‍ കൂട്ടാക്കാത്തവരെയും രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെയുമാണ് പാനമയിലേക്കും കോസ്റ്ററീക്കയിലേക്കും മാറ്റുന്നത്.
STORY HIGHLIGHT: indian immigrants deported us