ജെറുസലേം: ഗസ്സ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം ചർച്ചകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് നിർത്തിയതിന് ഒരു ദിവസത്തിന് ശേഷം ഉന്നത സൈനിക ഓഫീസർമാർക്കുള്ള ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു
”ഗസ്സയിൽ, ഞങ്ങൾ ഹമാസിന്റെ സംഘടിത ശക്തികളിൽ ഭൂരിഭാഗവും ഉന്മൂലനം ചെയ്തു എന്നാൽ യാതൊരു സംശയവും വേണ്ട ഞങ്ങൾ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായും പൂർത്തീകരിക്കും”-നെതന്യാഹു പറഞ്ഞു.
അഞ്ച് ഇസ്രായേലി ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി 620 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്നായിരുന്നു കരാർ. എന്നാൽ ഇതുവരെ ഇത് പാലിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. ഉറ്റവരെ സ്വീകരിക്കാനായി നൂറുകണക്കിന് ഫലസ്തീനികൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലും എത്തിയിരുന്നു. തടവുകാരെ മോചിപ്പിക്കില്ലെന്ന അറിയിപ്പ് വന്നതോടെ ഇവർ നിരാശരായി മടങ്ങി.ഇസ്രായേൽ ബന്ദികളുടെ മോചിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള സ്ഥിരീകരണം ഉണ്ടാവാതെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാടിലാണ് നെതന്യാഹു.