അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്‌യമിട്ട് മുന്നണികളം രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും കണക്കു കൂട്ടലുകള്‍ ആരംഭിച്ചിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തറിയുടെ ലാഞ്ചനകളാണ് കാണുന്നത്. അധികാരവും രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മിലുള്ള അകലം കുറയുന്നുവെന്ന തോന്നലാണ് ഇതിനു കാരണം. രണ്ടു ടേം ഭരിച്ച ഇടതുപക്ഷത്തെ ജനം മടുത്തിരിക്കുന്നു എന്ന ചിന്തയും, ബി.ജെ.പി അടുത്തകാലത്തെങ്ങും കേരളത്തില്‍ അധികാരത്തിലെത്തില്ല എന്നതും കോണ്‍ഗ്രസിനെ അധികാര മോഹത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് നേതൃത്വത്തിലെ തലമുതിര്‍ന്ന നേതാക്കളും, അല്ലാത്തവരും മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.
നേരിട്ടൊരാളും മുഖ്യമന്ത്രിക്കസേരയുടെ മോഹം പറഞ്ഞിട്ടില്ല. എന്നാല്‍, പാര്‍ട്ടിയിലെ അണികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ മുന്‍പന്തിയിലാണ് രമേശ് ചെന്നിത്തലയും, വി.ഡി. സതീശും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി സതീശന്റെ പ്രവര്‍ത്തനത്തെ ദുരൂഹമായി കാണാനാകില്ല. എന്നാല്‍, ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടലുകളെ അങ്ങനെ കാണാതിരിക്കാനാവുന്നില്ല. ആത്യന്തികമായി പാര്‍ട്ടി ഹൈക്കമാന്റ് തീരുമാനിക്കുന്നതാണ് എല്ലാവരും അനുസരിക്കുക എന്ന ധാരണയില്‍ എല്ലാവരും ആശ്വാസം കൊള്ളും.
അവിടെയാണ് കെ.സി. വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും സന്തോഷിക്കുന്നത്. കേരളത്തിലെ നേതാക്കളെക്കാള്‍ പിടിയുള്ളവരാണ് ഇവര്‍. മൂന്നുപേരും എംപിമാര്‍. എ.ഐ.സി.സിയിലും ഹൈക്കമാന്റിലും നല്ലപിടിപാടുള്ളവര്‍. കേരളത്തില്‍ നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ തീരുമാനം ഹൈക്കമാന്റിനെക്കൊണ്ട് എടുപ്പിക്കുന്നതു പോലും ഇവരാണ്. ഇവരുടെ സമ്മര്‍ദ്ദം ചെറുതല്ല. അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ, എ.കെ ആന്റണിയുടെ വിശ്വ ജീവിതത്തോടെ, വി.എം. സുധീരന്റെ പിന്‍വാങ്ങലിലൂടെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ ആയുധംവെച്ച് കീഴടങ്ങിയതോടെ ഇനി ആര്‍ക്കും എന്തിലും അവകാശം ചോദിക്കാമെന്ന അവസ്ഥയായിക്കഴിഞ്ഞു.
ഈ ധാരണ എല്ലാ നേതാക്കളിലും ശക്തമായിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതലും അക്കാഡമിക്കല്‍ പരിചയം കുറവുമുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ വേറിട്ടു നില്‍ക്കുന്നയാളാണ് ശശി തരൂര്‍. രാഷ്ട്രീയ പ്രവര്‍ത്തനം കുറവും, എന്നാല്‍, അക്കാഡമിക്കല്‍ ക്വാളിറ്റി ഏറെ ഉള്ളയാളുമാണ് തരൂര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി, വരാനിരിക്കുന്ന എ.ഐ സാങ്കേതിക ലോകത്തിനൊപ്പം ചിന്തിച്ചുള്ള അക്കാഡമിക്കല്‍ സ്ട്രാറ്റജിയിലാണ് തരൂര്‍ രാഷ്ട്രീയം കളിക്കുന്നത്. അതിന്റെ ഭാഗമായി കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. തരൂരിന് മുഖ്യമന്ത്രി പദം നോട്ടമുണ്ടെന്ന് ഇതോടെ ബോധ്യമാവുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മുന്നില്‍ നിര്‍ത്തിയാലേ യു.ഡി.എഫ് വിജയിക്കൂ എന്ന അവകാശവാദമാണ് തരൂര്‍ മുന്നോട്ടു വെക്കുന്നത്. സ്വാഭാവികമായും ഇത്രയും ഉയര്‍ന്ന അക്കാഡമിക് കരിയറുള്ള തരൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതില്‍ വിദ്യാസമ്പന്നരായ എല്ലാവര്‍ക്കും സന്തോഷം മാത്രമേ ഉണ്ടാകൂ. പക്ഷെ, രാഷ്ട്രീയക്കാര്‍ക്ക് അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ്. തരൂര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായ നയത്തിനെ പിന്തുണച്ച് ലേഖനം കൊടുത്തത്. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂര്‍ അവതരിക്കുന്നതിനെ ആശ്ചര്യത്തോടെയാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.
ലോക്‌സഭാംഗവും പ്രവര്‍ത്തകസമിതി അംഗവും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്. ഈ പദവികളെല്ലാം ഉണ്ടെങ്കിലും അര്‍ഹമായ റോള്‍ ഇല്ലെന്ന് തരൂര്‍ വിചാരിക്കുന്നു. അതുകൊണ്ട് 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കേരളത്തില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന ഇംഗിതമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. തിരുവനന്തപുരത്ത് നിഷ്പക്ഷ വോട്ടുകളടക്കം നേടി കൈവരിച്ച വിജയത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തന്നെ പറിച്ചുനടാന്‍ കഴിയുമെന്ന തരൂരിന്റെ അവകാശവാദത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതേപടി അംഗീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേരിയ വിജയത്തോടെ കടന്നുകൂടുക മാത്രമാണ് തരൂര്‍ ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശശി തരൂരിന്റെ ഇപ്പോഴത്തെ നിലപാടിന് പിന്നില്‍ രണ്ട് കസേരകള്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസ് അണികള്‍ പറയുന്നത്. ശശി തരൂരിന് ഒന്നുകില്‍ മുഖ്യമന്ത്രി കസേര അല്ലെങ്കില്‍ പ്രധാനമന്ത്രി കസേര. രണ്ടു കസേരകളിലും ഒരുനാള്‍ ഇരിക്കാനാവുമെന്ന് തൂരൂരിനെന്നു മാത്രമല്ല, ഇന്ത്യയിലെ ഏത് പൗരനും ചിന്തിക്കാം. പക്ഷെ, ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നു മാത്രം. അതിന് വലിയ രാഷ്ട്രീയയ കക്ഷികളുടെ പിന്തുണ വേണം. രാജ്യത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെങ്കില്‍ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാവുമെന്ന് തരൂര്‍ നേരത്തചെ ചിന്തിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ ചിന്തകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് മനസ്സിലാക്കിയാണ് നീക്കം.
അതുകൊണ്ടാണ് കോണ്‍ഗ്രസിനെതിരേയും, സര്‍ക്കാരിന് അനുകൂലമായുമുള്ള ഇടപെടലുകള്‍ എഴുത്തിലും പ്രസംഗത്തിലും ഉള്‍പ്പെടുത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാള്‍ രാഷ്ട്രതന്ത്രജ്ഞതയാണ് പ്രധാനമെന്ന ചിന്താഗതിക്കാരനാണ് തരൂര്‍. പക്ഷെ, കോണ്‍ഗ്രസിലെ നേതാക്കളെല്ലാം രാഷ്ട്രീയത്തിലൂടെയാണ് വളര്‍ന്നു വന്നത്. എന്നാല്‍, തരൂരിന്റെ രാഷ്ട്ര തന്ത്രജ്ഞത കൊണ്ട് അധികാര മോഹം ഉണ്ടാകുന്നത് നന്നല്ലെന്നാണ് അണികളുടെ വിലയിരുത്തല്‍. കാരണം, സാധാരണക്കാരന്റെ പ്രശ്‌നങ്ങളും ദുരിതങ്ങളും കാണാത്തവര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
തലസ്ഥാനത്തെ എം.പി കൂടിയായ ശശിതരൂര്‍ രണ്ടാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം അറിഞ്ഞിട്ടേ ഇല്ല. അദ്ദേഹത്തിന് എന്ത് ആശ വര്‍ക്കര്‍?. പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയിട്ടും തരൂരിന് കുഴപ്പമില്ല. പ്ലീഡര്‍മാരുടെ ശമ്പളം കൂട്ടിയതും പട്ടികജാതി ഫണ്ട് 500 കോടി വെട്ടി കുറച്ചത് വിഷയമല്ല. ന്യൂനപക്ഷ ഫണ്ട് വെട്ടി കുറച്ചതും അറിഞ്ഞില്ല. പട്ടിക വര്‍ഗ ഫണ്ട് 112 കോടി വെട്ടിക്കുറച്ചതിനെ കുറിച്ചും മിണ്ടാട്ടമില്ല. ടി.പി. കേസ് പ്രതികള്‍ക്ക് 1000 ദിവസത്തില്‍ കൂടുതല്‍ പരോള്‍ കിട്ടിയിട്ടും യാതൊരു പ്രതികരണവുമില്ല.
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഒന്നര വര്‍ഷമായി ആനുകൂല്യം കിട്ടിയിട്ട്. ക്ഷേമ പെന്‍ഷന്‍ 3 മാസമായി കുടിശികയായിരിക്കുന്നു. എലൈറ്റ് ക്ലാസ് തനിക്കാപ്പം ഉണ്ട് എന്ന ധാരയിലാണ് തരൂര്‍ കഴിയുന്നതെന്ന വിമര്‍ശനവുമുണ്ട്. എലൈറ്റ് ക്ലാസ് ഇത്തവണ വോട്ട് ചെയ്തത് രാജീവ് ചന്ദ്രശേഖറിനാണ്. തോല്‍വി ഭയന്നപ്പോള്‍ രക്ഷിച്ചത് മല്‍സ്യതൊഴിലാളികളായിരുന്നു. നൂലില്‍ കെട്ടി ഇറങ്ങാന്‍ പറ്റിയ കസേര അല്ല മുഖ്യമന്ത്രി കസേര. എലൈറ്റ് ക്ലാസ് വിചാരിച്ചാല്‍ ആ കസേര കിട്ടില്ല. ആശ വര്‍ക്കര്‍മാരുടെ, ക്ഷേമ പെന്‍ഷന്‍ കാരുടെ, പട്ടിക ജാതി പട്ടിക വര്‍ഗക്കാരുടെ, മല്‍സ്യതൊഴിലാളികളുടെ, കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും തയ്യറാകാതെ ആര്‍ക്കും കസേരകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.
മറ്റൊരു കെ.വി. തോമസിലേക്കുള്ള ദൂരമാണ് ഇപ്പോള്‍ ശശി തരൂരിനു മുമ്പിലുള്ളതെന്നും വിമര്‍ശനമണ്ട്. തരൂരിന്റെ പ്രസ്താവനകള്‍ അവഗണിക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടുപോകുമെന്നു കരുതുന്നില്ല. പക്ഷേ, പ്രതികരണങ്ങള്‍ അതിരുവിടരുത്. അദ്ദേഹം തിരുത്തട്ടെ എന്നുള്ളതാണ് നിലപാട്. നാലു തവണ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. തിരക്കിലാണെന്നും തിരിച്ചുവിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനു നല്ലൊരു നേതാവില്ലെന്ന് അദ്ദേഹത്തിനു തോന്നിയെങ്കില്‍ ഞാന്‍ നന്നാകാന്‍ നോക്കാമെന്നാണ് കെ.സുധാകരന്‍ പ്രതികരിച്ചത്. പ്രശ്‌നങ്ങളുണ്ടാക്കാനാണു മാധ്യമങ്ങള്‍ക്ക് താല്‍പര്യം. കടല്‍മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം മാധ്യമങ്ങള്‍ കാണുന്നില്ല എന്നാണ് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചത്.
ദേശീയ രാഷ്ട്രീയത്തിലാണു തരൂരിനു കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുക. കേരളത്തില്‍ എന്നെപ്പോലെ ചെറിയ ആളുകളുണ്ടെന്ന് കെ. മുരളീധരനും ഉള്ളിലെ ആഗ്രഹത്തില്‍ തലോടിക്കൊണ്ട് പറയുന്നു. ഇത്തരം പ്രതികരണങ്ങള്‍ക്കിടയിലും തരൂര്‍ തനിക്കു തോന്നുന്നത് പറയാന്‍ മനടിക്കുന്നില്ല. പരമ്പരാഗതമായി ലഭിക്കുന്നവയ്ക്കു പുറത്തുള്ള വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടിക്കു പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃത്വത്തിന്റെ അഭാവമുണ്ടെന്ന ചിന്ത ഒട്ടേറെ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും ഇംഗ്ലിഷ് മാധ്യമത്തിന്റെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിടുന്നതു ശരിയാണെന്നു താന്‍ കരുതുന്നില്ലെന്നും പാര്‍ട്ടിക്കുപുറത്തു സ്വതന്ത്രനായി നില്‍ക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാവിനീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ഈ മാസം 18നു ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പോഡ്കാസ്റ്റിനുള്ള അഭിമുഖത്തില്‍ തരൂര്‍ പങ്കെടുത്തത്. ഇംഗ്ലിഷ് മാധ്യമവുമായി 45 മിനിറ്റ് സംഭാഷണമാണു നടത്തിയത്. അതിലെ 2 വാചകങ്ങള്‍ ചേര്‍ത്ത് തലക്കെട്ടാക്കിയാല്‍ അര്‍ഥം തന്നെ മാറിപ്പോകും. ഈ മാസം 26നാണു പോഡ്കാസ്റ്റ് ഇറങ്ങുന്നത്. അതില്‍നിന്ന് അവര്‍ ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കുമെന്ന് കരുതിയില്ല. കേരളത്തെ മെച്ചപ്പെടുത്താനുള്ള അവസരം സ്വീകരിക്കാന്‍ തയാറാണെന്ന സന്നദ്ധതയാണു ഞാന്‍ പ്രകടിപ്പിച്ചത്.
സംസ്ഥാനത്തു കോണ്‍ഗ്രസിന്റെ ഏറ്റവും സ്വീകാര്യതയുള്ള മുഖം തരൂരിന്റേതാണെന്നു യുവനേതാക്കളില്‍ പലരും അഭിപ്രായപ്പെട്ടതായി പോഡ്കാസ്റ്റില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയിങ്ങനെ – ‘അതു കേള്‍ക്കുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. അവര്‍ മാത്രമല്ല ചില ഘടകകക്ഷികളും ഇക്കാര്യം എന്നോടു സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അഭിപ്രായസര്‍വേകളും കണ്ടിട്ടുണ്ട്. ഒരു ശ്രമവും നടത്താതെ, കേരളത്തില്‍ ഒരു പ്രചാരണവും നടത്താതെ, ആള്‍ക്കാരുടെ മനസ്സില്‍ ഞാന്‍ മുന്നില്‍ നില്‍ക്കുന്നു. അതിനെ ഉപയോഗിക്കാന്‍ പാര്‍ട്ടിക്കു താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ ഉണ്ടാകും. താല്‍പര്യമില്ലെങ്കില്‍ ഞാന്‍ എന്റെ കാര്യം നോക്കാം. എനിക്കു സമയം ചെലവാക്കാന്‍ മറ്റു വഴികളില്ലെന്നു വിചാരിക്കരുത്. എനിക്ക് എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രഭാഷണങ്ങളുണ്ട്, ലോകം മുഴുവന്‍ ഓടിനടക്കാനുള്ള ക്ഷണങ്ങളുണ്ടെന്നുമാണ് തരൂര്‍ പറഞ്ഞുവെയ്ക്കുന്നത്.
കോണ്‍ഗ്രസിന്റെ ക്ഷീണ സയമങ്ങളിലെപ്പോഴും തരൂര്‍ വിവാദ നായകനായി എത്താറുണ്ട് എന്നതാണ് വസ്തുത. നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞതും, ഇപ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് വയ്വസായങ്ങളുടെ വളര്‍ച്ചാ സൂചികയുമെല്ലാം കോണ്‍ഗ്രസിനെ തിരിച്ചടിച്ച സംഭവങ്ങളായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ കോണ്‍ഗ്രസ് അണികള്‍ പ്രത്യക്ഷമായി രംഗത്തു വന്നിട്ടുണ്ട്. ഇടതുപക്ഷത്തിനു വേണ്ടി പരസ്യമായി അഭിനന്ദിക്കുമ്പോള്‍ അത്, രാഷ്ട്രീയ ചതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, വികസനത്തിന് എപ്പോഴും കൊടിനോക്കാതെ പിന്തുണ നല്‍കുന്ന മനോഭാവമാണ് തന്റേതെന്ന് ശശിതരൂര്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നിടത്ത് തര്‍ക്കവും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ട്.
CONTENT HIGH LIGHTS; Measuring the distance Shashi Tharoor: Can Congress hold its breath?; Did the journey begin without correction?; Are there big political games to come?