Kerala

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു

കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു. യു പ്രതിഭ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്.

ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഭ.

മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതയിൽ യു പ്രതിഭ ആരോപിക്കുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കത്തിൽ ആരോപിക്കുന്നു.