ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പി സി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. അഭിഭാഷകനൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. പി സിയെ അനുഗമിച്ച് ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.