Celebrities

ഞങ്ങൾ വേർപിരിഞ്ഞു, ആരെയും മണ്ടന്മാരാക്കിയതല്ല; തുറന്ന് പറഞ്ഞ് നടി പാർവതി വിജയ് – actor parvathy vijay divorce

കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി പാര്‍വതി വിജയ്‌യും അരുണും വിവാഹമോചിതരായി. യൂട്യൂബ് ചാനലിലെ പുതിയ വ്ലോഗിലൂടെ പാർവതി തന്നെയാണ് വിവാഹ മോചന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. പാര്‍വതിയുടെയും അരുണിന്റെയും രഹസ്യ വിവാഹമായിരുന്നു. സീരിയല്‍ ക്യാമറമാനാണ് അരുണ്‍. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. നടി മൃദുല വിജയ്യുടെ സഹോദരിയാണ് പാര്‍വതി.

‘ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വിഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങൾ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്.

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത്. വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഈ വീഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്.’ പാർവതി പറഞ്ഞു.

‘കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ പിന്തുണയ്ക്കുക’ എന്നും താരം കൂട്ടിച്ചേർത്തു.

STORY HIGHLIGHT: actor parvathy vijay divorce