മലപ്പുറം: അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു. ഇതിനിടെ പി വി അൻവർ എംഎൽഎയെ പ്രവർത്തകർ കടയിൽ പൂട്ടിയിട്ടു. പിന്നീട് ആര്യാടൻ ഷൗക്കത്തും ഉൾപ്പെടെയുളളവർ എത്തി ഷട്ടർ തുറന്നുകൊടുക്കുകയായിരുന്നു.
യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുമ്പായി സിപിഐഎം പ്രവർത്തകർ പഞ്ചായത്തിന് മുമ്പിലൂടെ പ്രകടനവുമായി പോയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് തടയാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടാവുകയായിരുന്നു. പൊലീസ് ലാത്തി വീശിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോവാൻ കൂട്ടാക്കിയില്ല. സംഘർഷത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇരുവിഭാഗങ്ങളും പരസ്പരം പോരുവിളിക്കുകയും ചെയ്തു.
അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണക്കുകയാണെങ്കിൽ എൽഡിഎഫിന് ഭരണം നഷ്ടമായേക്കും. കഴിഞ്ഞ ദിവസം നുസൈബ സുധീറിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു.
തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. നുസൈബയെ കാണാനില്ലെന്ന സിപിഐഎം പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അങ്ങനെയൊരു പരാതി കുടുംബത്തിനില്ലെന്നായിരുന്നു സുധീറിൻ്റെ പ്രതികരണം. നുസൈബ ഒപ്പമുണ്ടെന്നും സുധീർ വ്യക്തമാക്കിയിരുന്നു. നിലവിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിനാണ്. ചുങ്കത്തറ പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും നുസൈബ വിട്ടുനിന്നാലും പിന്തുണച്ചാലും അത് യുഡിഎഫിന് അനുകൂലമായേക്കാം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചുങ്കത്തറയിൽ യുഡിഎഫിനും എൽഡിഎഫിനും 10 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. കക്ഷിനില തുല്യമായതിനെ തുടർന്ന് യുഡിഎഫിലെ വത്സല സെബാസ്റ്റ്യൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ പ്രസിഡന്റ് തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് 14-ാം വാർഡിൽ നിന്നും ലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ അവിശ്വാസത്തിലൂടെ യുഡിഎഫ് പ്രസിഡൻ്റ് പുറത്താകുകയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായ നജ്മുന്നീസ ഒൻപതിനെതിരെ11 വോട്ടുകൾക്ക് യുഡിഎഫിൻ്റെ നിഷിദ മുഹമ്മദലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റായി.