കോടിക്കണക്കിന് തീർഥാടകരുടെ പങ്കാളിത്തത്താൽ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപനം. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ് സമാപിക്കുക.
അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്കു പ്രവേശനമില്ലെന്നും വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
‘37,000 പൊലീസുകാരെയും 14,000 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകൾ, 3 ‘ജൽ’ പോലീസ് സ്റ്റേഷനുകൾ, 18 ‘ജൽ’ പൊലീസ് കൺട്രോൾ റൂമുകൾ, 50 വാച്ച് ടവറുകൾ എന്നിവയാണു തീർഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയത്. അമൃതസ്നാനം കഴിഞ്ഞു മടങ്ങുന്നവർക്കായി 360ൽ ഏറെ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാനായി 24 മണിക്കൂറും സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കും.’ ഡിഐജി വൈഭവ് വ്യക്തമാക്കി.
STORY HIGHLIGHT: maha kumbh mela concludes