Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ഷെമി സംസാരിച്ചു, നിലവിൽ ആരോഗ്യനില തൃപ്തികരം – venjaramoodu mass murder

നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കൽ കോളേജ് ഡോക്ടർ കിരൺ രാജഗോപാൽ. നിലവിൽ സംസാരിക്കുന്നുണ്ടെന്നും ബോധാവസ്ഥയിലാണെന്നും ഡോക്ടർ പറഞ്ഞു. കേസിനെ സംബന്ധിച്ച നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്ന ഒരേയൊരാളാണ് പ്രതി അഫാന്റെ മാതാവ് ഷെമി. അതിനാൽ നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

‘അഫാന്റെ മാതാവ് ഷെമിയുടെ തലച്ചോറിലെ സ്കാൻ രാവിലെ എടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ പോലെ തുടരുകയാണ്. ഇപ്പോഴും ബോധാവസ്ഥയിലാണ്. സംസാരിക്കുന്നുണ്ട്. ബന്ധുക്കളെ ഒക്കെ അന്വേഷിക്കുന്നുണ്ട്. വേദനയുള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഇതേ പോലെ നിരീക്ഷണത്തിൽ തുടരും. 48 മണിക്കൂറിന് ശേഷം വീണ്ടും സ്കാൻ ചെയ്ത് പരിശോധിക്കും. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്’ ഡോ.കിരൺ രാജഗോപാൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ജീവിച്ചിരുന്നത് രണ്ടുപേർ മാത്രമാണ്. അതിൽ ഒന്ന് പ്രതി അഫാനും മറ്റൊന്ന് പ്രതിയുടെ മാതാവുമാണ്. വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് എല്ലാവരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിലൊക്കെ കൂടുതൽ വ്യക്തത വരണമെങ്കിൽ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി നിർണായകമാണ്.

STORY HIGHLIGHT: venjaramoodu mass murder