Kerala

ഓടിപ്പാഞ്ഞ് ബൈക്ക് യാത്രികരെ മറിച്ചിട്ട് കാട്ടുപോത്ത്; ദമ്പതികൾക്ക് പരിക്ക് – bison crossing the road hit a bike

കുറച്ച് ദിവസങ്ങൾക്ക് മുമ്പും കാട്ടുപോത്ത് കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു

പാലോട് – കല്ലറ റോഡിൽ പാണ്ഡ്യൻപാറയ്ക്ക് സമീപത്ത് വച്ച് റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. അതിവേഗം റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാട്ടുപോത്താണ് ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. അപകടത്തിൽ നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ കോടതി ജീവനക്കാരനായ കെ .സുനിൽ കുമാർ, ഭാര്യ വിതുര വി എച്ച് എസ് എസിലെ അധ്യാപിക എൻ.എസ് സ്മിത എന്നിവർക്ക് പരിക്കേറ്റു.

നെടുമങ്ങാട് നിന്നും ഭരതന്നൂരിലെ ബന്ധു വീട്ടിലേക്ക് പോകവെയാണ് സംഭവം. റോഡിന് സമീപത്തെ താഴ്ന്ന പ്രദേശത്ത് നിന്ന് ചാടി കയറി വന്ന കാട്ടുപോത്ത് ബൈക്ക് യാത്രികരെ ആക്രമിച്ച ശേഷം എണ്ണപ്പന തോട്ടത്തിലേക്ക് ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. പാലോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന് തോളെല്ലിനും മുഖത്തും കാൽ മുട്ടിനും പരിക്കുണ്ട്. തോളെല്ല് പൊട്ടി മാറിയതിനെ തുടർന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്മിതയുടെ കാലിന് മുറിവുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പും കാട്ടുപോത്ത് കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു. പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുക ളെയും കാട്ടുപന്നികളെയും കാണുന്നുണ്ടെന്നും ഭയന്നാണ് യാത്രയെന്നും നാട്ടുകാർ പറഞ്ഞു.

STORY HIGHLIGHT: bison crossing the road hit a bike