എലിവിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടർമാരുടെ അനുവാദത്തോടെ പോലീസ് സംഘം ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മൊഴി എടുക്കാൻ കഴിഞ്ഞിരുന്നില്ല. അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയുടെ മൊഴി ഡോക്ടർമാരുടെ അനുവാദത്തോടെ പോലീസ് രേഖപ്പെടുത്തും.
അഫാൻ കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ പരതിയ കാര്യങ്ങൾ എന്തൊക്കെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആക്രമണങ്ങളെക്കുറിച്ച് അഫാൻ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നോ എന്നു സ്ഥിരീകരിക്കാൻ വേണ്ടിയാണ് സമീപകാല ഇന്റർനെറ്റ് ഉപയോഗം പരിശോധിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അഫാന്റെയും കൊല്ലപ്പെട്ട കാമുകി ഫർസാനയുടെയും ഫോണുകൾ പരിശോധിക്കും. ചില സമയങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് അഫാൻ സംസാരിക്കുന്നത്. കൊലയ്ക്കു ചുറ്റിക ഉപയോഗിച്ചതിനു പിന്നിൽ അഫാന്റെ ആസൂത്രിത പദ്ധതിയുണ്ടാകാമെന്നാണു പോലീസ് സംശയിക്കുന്നത്.
എലിവിഷം സാവധാനം ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അഫാൻ നിരീക്ഷണത്തിലാണ്. എലിവിഷം കഴിച്ച രോഗിക്ക് ദിവസങ്ങൾക്കു ശേഷവും ആരോഗ്യനില മോശമാകാം. അതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. പേവാർഡിൽ കർശന പോലീസ് സുരക്ഷയിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.
അതിക്രൂരമായാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റു വികൃതമായ നിലയിലായിരുന്നു ഫർസാനയുടെ മുഖം. നെറ്റിയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് പല തവണ അടിച്ചിരുന്നു. മേശയിൽ വച്ചിരുന്ന അഫാന്റെ ചിത്രത്തിലേക്കും ഭിത്തിയിലേക്കും ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചുവീണിരുന്നു. അനുജൻ അഹ്സാന്റെ മൃതദേഹം താഴത്തെ മുറിയിൽ രക്തത്തിൽ കുളിച്ച് കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.
STORY HIGHLIGHT: venjaramoodu mass murder