കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ദേശീയ ദിനത്തിൽ അമീരി ഗ്രാൻ്റ് പ്രകാരം 781 തടവുകാർക്ക് മാപ്പ് നൽകി. 2025ലെ അമീരി ഡിക്രി നമ്പർ (33) അനുസരിച്ച് അമീരി ഗ്രാൻ്റിൻ്റെ ഭാഗമായി 781 തടവുകാർക്ക് മാപ്പ് നൽകിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
പിഴ, ജുഡീഷ്യൽ നാടുകടത്തൽ, അല്ലെങ്കിൽ ചില വ്യക്തികൾക്ക് ചുമത്തിയ ശിക്ഷകൾ എന്നിവയിൽ നിന്ന് ഈ ഉത്തരവ് പ്രകാരം 781 തടവുകാർ മുക്തരാകും. കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ, 2025 ലെ അമീരി ഡിക്രി നമ്പർ (33) പ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
അതേസമയം കുവൈത്തിന്‍റെ ദേശീയ ദിനത്തിൽ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി ഒരു വലിയ ജനക്കൂട്ടമാണ് ആഘോഷത്തിനായി ഒത്തുകൂടിയത്.റോഡുകള്‍ തിങ്ങിനിറഞ്ഞു. തെരുവുകള്‍ അലങ്കാരങ്ങളാലും നിറഞ്ഞു. ആയിരക്കണക്കിന് ദേശീയ പതാകകളാലും തെരുവുകള്‍ അലങ്കരിച്ചിരുന്നു. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും പ്രവാസികള്‍ക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.
കുവൈത്ത് തെരുവുകള്‍, പ്രത്യേകിച്ച് അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, മറ്റ് പ്രധാന ദേശീയ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത സന്തോഷവും ആവേശവും കൊണ്ട് നിറഞ്ഞു. കുവൈത്ത് 64-ാം ദേശീയ ദിനവും വിമോചന ദിനത്തിന്റെ 34-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍, ഏറ്റവും സംഘടിതവും മനോഹരവുമായ രീതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
content highlight :kuwait-amir-pardoned-781-prisoners-on-the-occasion-of-national-day