Kerala

പിതൃബലി അർപ്പിക്കാൻ ലക്ഷങ്ങൾ; ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ വരെ ചടങ്ങുകള്‍ നീളും. 116 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ശിവരാത്രി നാളിൽ വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അർപ്പിക്കാൻ എത്തുന്ന ഭക്തർക്കായി മണപ്പുറത്ത് എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ വരെ നീളും. ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.

ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്‍പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സർവീസ് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.

­