ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ പരിക്ക്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിനിടയിലാണ രോഹിത്തിന് പരിക്കേറ്റത്. പിന്നീട് ഗ്രൗണ്ട് വിട്ട രോഹിത് തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും ചെയ്തു. ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ രോഹിത് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
പരിക്ക് വഷളാവാതിരിക്കാനാണ് രോഹിത് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത്. അതേസമയം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. പരിക്കുമൂലമാണോ ഗില്‍ വിട്ടുനിന്നതെന്ന കാര്യം വ്യക്തമല്ല. അതേസമയം, പനി ബാധിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്നലെ പരിശീലനത്തിനിറങ്ങി. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചെറിയ പരിക്കുമൂലം ഇടക്ക് കയറിപ്പോയ മുഹമ്മദ് ഷമി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. ഞായറാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. ഇരു ടീമുകളും നേരത്തെ സെമിയിലെത്തിയെങ്കിലും ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യൻമാരാം.
ഗ്രൂപ്പ് ചാമ്പ്യൻമാരായാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടേണ്ടിവരിക. ഗ്രൂപ്പ് ബിയില്‍ സെമിയിലെത്താന്‍ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാനും. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴ മുടക്കിയതിനാല്‍ ഇരു ടീമുകള്‍ക്കും 3 പോയന്‍റ് വീതവും അഫ്ഗാനിസ്ഥാന് 2 പോയന്‍റുമാണുള്ളത്. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ അവര്‍ സെമിയിലെത്തും. ഓസ്ട്രേലിയ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം ജയിക്കുന്നവരും സെമി ഉറപ്പിക്കും. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്താലും ഓസീസും ദക്ഷിണാഫ്രിക്കയും സെമി കളിക്കും.
content highlight: rohit-sharma-nursing-injury