Kerala

‘തരൂര്‍ അപരിചിതന്‍, പാര്‍ട്ടിയില്‍ കരുത്തുറ്റ പിന്തുണയുള്ളവര്‍ വേറെയും നേതാക്കളുണ്ട്’: രൂക്ഷ വിമർശനവുമായി പി ജെ കുര്യന്‍ | pj-kurien-against-tharoor

കൊച്ചി: അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് ശശി തരൂരിനെ പാര്‍ട്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. നിസ്വാര്‍ഥരായ ആളുകള്‍ ത്യാഗം കൊണ്ടു കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഇന്നത്തെ നേതാക്കള്‍ മനസ്സിലാക്കണമെന്ന് പിജെ കുര്യന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

തന്റെ കഴിവിനൊത്ത പദവി കോണ്‍ഗ്രസില്‍ കിട്ടിയില്ലെന്ന് ശശി തരൂര്‍ മാധ്യമങ്ങളോടു പിന്നെയും പിന്നെയും പറയുന്നതു കേട്ടുകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നതെന്ന് കുര്യന്‍ പറയുന്നു. തരൂര്‍ പരമ്പരാഗത കോണ്‍ഗ്രസുകാരനല്ല. യുഎന്നിലെ ജോലി കഴിഞ്ഞാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ കോണ്‍ഗ്രസ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി. അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയായിരുന്നു ഇത്. അതിനു ശേഷം അദ്ദേഹത്തെ മന്ത്രിയാക്കി. വിവാദത്തില്‍പെട്ട് രാജിവച്ച തരൂരിനെ പിന്നീട് സര്‍ക്കാരില്‍ തിരിച്ചെടുത്തു. മൂന്നു തവണ അദ്ദേഹം വീണ്ടും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി.

കഴിഞ്ഞ തവണ തരൂര്‍ ജയിച്ചത് കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകൊണ്ടാണ്. കോണ്‍ഗ്രസുകാരല്ലാത്തവരുമായുള്ള തരൂരിന്റെ വ്യക്തിബന്ധം കൊണ്ടല്ല ആ ജയം.

കോണ്‍ഗ്രസ് പ്രതിപക്ഷത്തായ സമയത്ത് തരൂരിനെ പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളുടെ ചെയര്‍മാനാക്കിയത് കഴിവു നോക്കിത്തന്നെയാണ്. എന്നുവച്ച് കോണ്‍ഗ്രസില്‍ കഴിവുള്ള വേറെ ആളില്ലെന്നല്ല. തരൂരിന് കോണ്‍ഗ്രസ് അര്‍ഹിച്ചതിലധികം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാതിയില്‍ ഒരു കഴമ്പുമില്ല.

ഇംഗ്ലീഷിലുള്ള പരിജ്ഞാനവും എഴുത്തുകാരനെന്ന നിലയിലുള്ള സംഭാവനകളും കൊണ്ടാണ് തനിക്കു കൂടുതല്‍ അര്‍ഹതയുണ്ടെന്നു തരൂര്‍ കരുതുന്നതെങ്കില്‍ ഇന്ത്യയെക്കുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ അദ്ദേഹത്തിന് കാര്യമായ അറിവില്ലെന്നേ പറയാനാവൂ. യാതൊരു ഔപചാരിക വിദ്യാഭ്യാസവും ഇല്ലാതിരുന്ന കെ കാമരാജ് ഈ പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്നു, മഹാനായ മുഖ്യമന്ത്രിയും ആയിരുന്നു അദ്ദേഹം. ഇത്തരത്തില്‍ ഒരുപിടി നേതാക്കളുണ്ട്. വലിയ ഇംഗ്ലീഷ് ജ്ഞാനമോ പഠിപ്പോ ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിമാരായും കാബിനറ്റ് മന്ത്രിമാരായും ശോഭിച്ചവര്‍- കുര്യന്‍ എഴുതുന്നു.

തനിക്കു മുന്നില്‍ വഴികളുണ്ടെന്ന് പറയുമ്പോള്‍, യാതൊരു ആശയ അടിത്തറയുമില്ലാതെയാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് എന്നുകൂുടിയാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ആശയത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും അങ്ങനെ പറയാനാവില്ല- പിജെ കുര്യന്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന തരൂരിന് സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം. കോണ്‍ഗ്രസിന് ഇവിടെ ശക്തമായ അടിത്തറയുണ്ട്. തരൂര്‍ ഇവിടെ ഏതാണ്ട് അപരിചിതന്‍ തന്നെയാണ്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ അര്‍ഹനാണ് എന്നതില്‍ സംശയമൊന്നുമില്ല, എന്നാല്‍ വേറെയും നേതാക്കളുണ്ട്. പാര്‍ട്ടിയില്‍ കരുത്തുറ്റ പിന്തുണയുള്ളവര്‍. തന്നെക്കുറിച്ചുള്ള അതിരു കടന്ന വിശ്വാസത്തില്‍നിന്നാവാം തരൂരിന് അങ്ങനെയൊരു ആഗ്രഹം വന്നത്- പിജെ കുര്യന്‍ എഴുതുന്നു.

content highlight: pj-kurien-against-tharoor

Latest News