തിരുവനന്തപുരം: വന്യജീവികൾ മൂലമുള്ള കൃഷി, വളർത്തുമൃഗ നാശത്തിനുള്ള നഷ്ടപരിഹാരം കൂട്ടാനും അവയ്ക്കും മനുഷ്യജീവഹാനിക്കും ഇൻഷുറൻസ് പരിഗണിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് വനം, കൃഷി, മൃഗസംരക്ഷണം, ധനവകുപ്പു സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും.
വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകളിലും മറ്റ് തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയാറാക്കും. ജില്ലാതല സമിതിയിൽ പ്രദേശത്തെ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തും.
വനം വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്നു പ്രവർത്തിക്കും. ഇതിനുള്ള പ്രാദേശിക സമിതികൾ മാർച്ച് 15നകം എല്ലായിടത്തും രൂപീകരിക്കും. അനധികൃത രാത്രി യാത്ര ഒഴിവാക്കുക, വനമേഖലയോട് ചേർന്ന ടൂറിസം കേന്ദ്രങ്ങളിൽ വഴിയോര വാണിഭം നിയന്ത്രിക്കുക, മാലിന്യ നിർമാർജനം തുടങ്ങിയവയും നടപ്പാക്കും.