Recipe

അമൃതംപൊടി കൊണ്ട് ഒരു കിടിലം കിണ്ണത്തപ്പം

അമൃതംപൊടി കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കിയാലോ ? അപ്പോൾ എങ്ങനെ ഉണ്ടാക്കി നോക്കുവല്ലേ…എങ്കിൽ റെസിപ്പിയിതാ.

ആവശ്യമായ ചേരുവകൾ

അമൃതം പൊടി: 2 കപ്പ്‌
കടലപരിപ്പ്: 1/4 കപ്പ്‌
ശർക്കര: ആവശ്യമായ മധുരത്തിനനുസരിച്ച്
നെയ്യ്: 2 ടേബിൾ സ്പൂൺ
ഏലയ്ക്ക: 1 ടീസ്പൂൺ
തേങ്ങാ പാൽ:1 കപ്പ്‌
തേങ്ങാ കൊത്ത്: 1/2 കപ്പ്‌
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി അമൃതം പൊടിയിലേക്ക് ഒന്നാം പാൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റി വെക്കണം. ശേഷം ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക. ഇനി ഒരു ഫ്രൈയിങ് പാനെടുത്ത് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങാ കൊത്തും കടല പരിപ്പും വറുക്കണം. ഇതിൽ നിന്ന് അൽപ്പം മാറ്റി വെക്കേണ്ടതുണ്ട്. ശേഷം ഈ പാനിലേക്ക് അമൃതം പൊടിയും തേങ്ങാ പാലും ചേർത്ത്‌ ഇളക്കണം. പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുന്നത് വരെ ഇളക്കുന്നത് തുടരണം. ശേഷം ഏലയ്ക്ക പൊടിയും ഉപ്പും ചേർക്കാം. ഇതിന് പുറകെ. ഉരുക്കി അരിച്ചു വച്ച ശർക്കരയും ഇതിലേക്ക് ചേർക്കാം. ഇനി ഒരു അഞ്ച് മിനിറ്റ് നേരത്തേക്ക് ഇത് അടിക്കുപിടിക്കാതെ ഇളക്കിക്കണം. ശേഷം അടുപ്പത്ത് നിന്നും മാറ്റാവുന്നതാണ്.

അടുത്തതായി ഒരു ചെറിയ പാത്രമെടുത്ത് നെയ്യ് പുരട്ടുക. ഇനി വറുത്ത തേങ്ങാ കൊത്തും കടല പരിപ്പും ചേർത്ത് തയ്യാറാക്കിയ അമൃതപ്പൊടി കൂട്ട് ഒഴിക്കുക. ചൂടാറുമ്പോൾ സെർവ് ചെയ്യാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതോടെ ആവി പറക്കും കിണ്ണത്തപ്പം റെഡി.