കേരളത്തിന്റെ ഭാവി തലമുറയുടെ തലയില്‍ നിറയെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നിറയുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ഇനി മൂന്നു ദിവസങ്ങള്‍ മാത്രമേയുള്ളൂ പരീക്ഷ ആരംഭിക്കാന്‍. മാനസികവും, ശാരീരികവുമായ സംഘര്‍ഷങ്ങളിലൂടെയും ഉറക്കമൊഴിച്ചുള്ള പഠനവും, വായനയും, എഴുത്തുമൊക്കെയായി കുറച്ചു ദിവസങ്ങള്‍. ഒരു കുട്ടിയുടെ പത്തുവര്‍ഷത്തെ സ്‌കൂള്‍ പഠനത്തിന്റെ അവസാനം നടക്കുന്നതാണ് എസ്.എസ്.എല്‍.സി. പൊതുപരീക്ഷ. ആ പരീക്ഷയാണ് ജീവിതത്തിന്റെ ഭാവിപോലും നിര്‍ണ്ണയിക്കുന്നത്. അതില്‍ സമൂഹത്തിന് വലിയ പങ്കുണ്ട്. ഏകാഗ്രതയോടെയും ചിട്ടയോടെയും പഠിക്കുന്ന കുട്ടികള്‍ക്ക് യാതൊരു വിധത്തിലുമുള്ള ശല്യം ഉണ്ടാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്.
ദൈവങ്ങളുടെ പേരില്‍ കുട്ടികളുടെ പഠിത്തം നശിപ്പിക്കരുത് ?
പ്രത്യേകിച്ച്, ആരാധനാലയങ്ങളില്‍ നിന്നും വരുന്ന ശബ്ദ കോലാഹലങ്ങള്‍. എന്തിന്റെ പേരിലായാലും അത് അനുവദിക്കാനോ, പ്രോത്സാഹിപ്പിക്കാനോ അനുവദിക്കരുത്. കാരണം, മാറിയ ലോകത്തില്‍ മയക്കുമരുന്നിന്റെയും മറ്റു വിപത്തുകളുടെയും പ്രേരണയില്‍ വീണുപോകുന്ന കുട്ടികളെയാണ് കാണാനാകുന്നത്. ഇതുണ്ടാകാതിരിക്കാന്‍ കൃത്യയും വ്യക്തവുമായ കാഴ്ചപ്പാടുള്ള വിദ്യാഭ്യാസം അവര്‍ക്കു ലഭിക്കണം. അത് ലഭിക്കണമെങ്കില്‍ പഠനത്തിലൂടെ മാത്രമേ ലഭിക്കൂ. മനസ്സിരുത്തി പടിക്കുകയും, മത്സര പരീക്ഷകളില്‍ വിജയിക്കാനുള്ള ആര്‍ജ്ജവം നേടുകയും ചെയ്യുന്ന കുട്ടികള്‍ നാളത്തെ സമൂഹത്തിലെ ഉത്തമവ്യക്തിത്വങ്ങളായി മാറുമെന്നു തീര്‍ച്ചയാണ്.
അതിന് സമൂഹം ഇന്ന് അവരുടെ പഠനത്തിന് സഹായകമായി കൂടെ നില്‍ക്കേണ്ടതുണ്ട്. ദൈവങ്ങളുടെ പേരില്‍, ആരാധനകളുടെ പേരില്‍, വിശ്വാസങ്ങലുടെ പേരില്‍, അന്ധവിശ്വാസങ്ങളുടെ പേരിലൊക്കെ മൈക്കും മൈതാനവും പുരുഷാരവവുമെല്ലാം കൊണ്ട് ശബ്ദകോലാഹലങ്ങള്‍ തീര്‍ക്കാതെ, അവനവന്റെ വിശ്വാസത്തെ മനസ്സിലും, അവനവന്റെ പരിസരത്തുമായി ഒതുക്കേണ്ടതുണ്ട്. പഠനത്തിനു സഹായിക്കുന്നതിനേക്കാള്‍ വലിയ വിശ്വാസമോ, ദൈവപ്രീതിയോ മറ്റൊന്നില്ല എന്നത് ഓര്‍ക്കണം. കുട്ടികള്‍ ആശങ്കയില്ലാതെ സന്തോഷകരമായ അനുഭവമാക്കി പരീക്ഷയെ മാറ്റുകയാണ് വേണ്ടത്. അതിന് അവര്‍ക്ക് മനസ്സിരുത്തി പഠിക്കാന്‍ കഴിയുന്ന സാഹചര്യം വീടുകളിലും, സമൂഹവും ഒരുക്കേണ്ടതുണ്ട്.
പരീക്ഷകള്‍ എന്നു മുതല്‍ ?
2025 മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ 9.30ന് തുടങ്ങും. ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷകള്‍ നടന്നിരുന്നു. പരീക്ഷയ്ക്കു വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മേയ് മൂന്നാം ആഴ്ചയ്ക്കു മുന്‍പ് ഫലപ്രഖ്യാപനവും ഉണ്ടാകും. സംസ്ഥാനത്താകെ 4,28,953 കുട്ടികളാണ് ഈ അധ്യയന വര്‍ഷം പത്താം തരത്തില്‍ പ്രവേശനം നേടിയിട്ടുള്ളത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണവും പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും അറിയാനാകൂ. കഴിഞ്ഞ തവണ കേരളത്തില്‍ 2954 ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളില്‍ ആണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് ഇത്തവണയും ഉണ്ടാകും.
- ഹയര്‍ സെക്കന്ററി പരീക്ഷ
ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 29 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായി നടക്കും. 2024 ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 26 വരെയുള്ള തീയതികളില്‍ നടക്കും.
- വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ഒന്നാം വര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി മാര്‍ച്ച് 29ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങി മാര്‍ച്ച് 26ന് അവസാനിക്കും. രണ്ടാം വര്‍ഷ എന്‍.എസ്.ക്യു.എഫ് വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെ ആയിരുന്നു. രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷയും ജനുവരി 22ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു.
കുട്ടികള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുക ?
ഈ വര്‍ഷത്തെ SSLC പരീക്ഷ ടൈം ടേബിള്‍ 2024 നവംബര്‍ 1 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കിയിരുന്നു. പരീക്ഷയെ നേരിടാനുള്ള തീവ്ര പരിശ്രമത്തിലാണ് വിദ്യാര്‍ത്ഥികളും സ്‌കൂളുകളും. ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ വീണ്ടും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക വിജയഭേരി പരിശീലനവും മാതൃകാ പരീക്ഷകളുമെല്ലാം പുനരാരംഭിച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ചില വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
- എസ്.എസ്.എല്‍.സി ടൈം ടേബിള്‍ sslcexam.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് 2025 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടടഘഇ പ്രാക്ടിക്കല്‍ പരീക്ഷകളും 2025 ഫെബ്രുവരിയില്‍ * നടക്കും. മെയ് മാസത്തിലാണ് എസ് എസ് എല്‍ സി പ്രസിദ്ധീകരിക്കും.
- വിദ്യാര്‍ത്ഥികള്‍ക്ക് കേരള SSLC പരീക്ഷാ ടൈം ടേബിള്‍ 2025 ന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
- പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള കേരള SSLC ടൈംടേബിള്‍ 2025. കേരള എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷ ടൈം ടേബിള്‍ 2025നെ കുറിച്ചുള്ള പൂര്‍ണ്ണ * വിവരങ്ങള്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളുകളുമായി ബന്ധപ്പെടേണ്ടതുണ്ട്.
- വിദ്യാര്‍ത്ഥികള്‍ പരീക്ഷ ആരംഭിക്കുന്നതിന് 60 മിനിറ്റ് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം
- ഒരു പ്രധാന രേഖയായതിനാല്‍ കേരള എസ്.എസ്.എല്‍.സി അഡ്മിറ്റ് കാര്‍ഡ് 2025 നിര്‍ബന്ധമായും കൈവശം വയ്ക്കണം. അതില്ലാതെ വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല.
- മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിനുള്ളില്‍ കൊണ്ടുപോകരുത്.
- പരീക്ഷയ്ക്കിടെ ഏതെങ്കിലും അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഉദ്യോഗാര്‍ത്ഥിയെ ഇനിപ്പറയുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതിന് ഇടയാക്കും.
- ചോദ്യപേപ്പര്‍ വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 15 മിനിറ്റ് ലഭിക്കും. എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും അവയ്ക്ക് ശ്രദ്ധാപൂര്‍വം ഉത്തരം നല്‍കുകയും ചെയ്യുക
- പരീക്ഷാ പാറ്റേണിനെക്കുറിച്ച് അറിയുന്നതിനും നിശ്ചിത സമയത്ത് പേപ്പര്‍ പൂര്‍ത്തിയാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷങ്ങളിലെ കേരള എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ പരിഹരിക്കണം.
- അധ്യാപകരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും എന്തെങ്കിലും സംശയങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായാല്‍ അവരുടെ ഉപദേശം തേടുകയും വേണം.
- വിദ്യാര്‍ത്ഥികള്‍ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ദിനചര്യയും പാലിക്കണം, ഇതോടൊപ്പം വരാനിരിക്കുന്ന പരീക്ഷകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും വേണം.
എസ്.എസ്.എല്‍സി പരീക്ഷയ്ക്ക് തയ്യാറായോ ?
ഭാഷാവിഷയങ്ങളില്‍ വിവിധങ്ങളായ ഭാഷാശേഷികള്‍ അളക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുക. സന്ദര്‍ഭം വിശകലനം ചെയ്യല്‍, വിമര്‍ശനാത്മകമായി വിലയിരുത്തല്‍, കഥ/കവിത/ലേഖനം എന്നിവയുടെ നിരൂപണം തയ്യാറാക്കല്‍, എഡിറ്റോറിയല്‍/ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, പ്രയോഗ ഭംഗി വിലയിരുത്തല്‍, വ്യാകരണപ്രയോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പാഠപുസ്തകം നന്നായി വായിക്കുകയും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുടെ ഉത്പന്നങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത് ഉത്തരങ്ങള്‍ നന്നായി സംഗ്രഹിച്ച് എഴുതുന്നതിന് സഹായിക്കും. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ പരിശോധിക്കുന്നത് ചോദ്യങ്ങളെപ്പറ്റി ഒരു പൊതുധാരണ രൂപവത്കരിക്കുന്നതിന് ഉപകരിക്കും. കുറഞ്ഞ സമയക്രമം പാലിച്ച് ഉത്തരങ്ങള്‍ എഴുതുന്നതിന് സമീപകാല ചോദ്യപ്പേപ്പറുകളുടെ ഉത്തരം എഴുതി പരിശീലിക്കുന്നത് ഗുണകരമാകും.
- കോര്‍വിഷയങ്ങള്‍
കോര്‍വിഷയങ്ങളായ സയന്‍സ്, സാമൂഹികശാസ്ത്രം എന്നിവയില്‍ കുറിപ്പ് തയ്യാറാക്കല്‍, താരതമ്യം ചെയ്യല്‍, വ്യത്യാസം കണ്ടെത്തല്‍, ശരിയായ ജോഡി കണ്ടെത്തല്‍, മള്‍ട്ടിപ്പിള്‍ ചോയ്‌സ്, പദജോഡിബന്ധം കണ്ടെത്തല്‍, ഒറ്റപ്പെട്ടതിനെ കണ്ടെത്തല്‍, ചിത്രവിശകലനം, ചിത്രീകരണം പൂര്‍ത്തിയാക്കല്‍, പട്ടിക ക്രമപ്പെടുത്തല്‍, പട്ടിക പൂര്‍ത്തിയാക്കല്‍, ട്ടികവിശകലനം, പോസ്റ്റര്‍ തയ്യാറാക്കല്‍, ഫ്ളോചാര്‍ട്ട് തയ്യാറാക്കല്‍, ഗ്രാഫ് വിശകലനം, തെറ്റായ പ്രസ്താവനകള്‍ കണ്ടെത്തി തെറ്റ് തിരുത്തല്‍, പ്രസ്താവന സാധൂകരിക്കല്‍ തുടങ്ങിയ വിവിധ ചോദ്യമാതൃകകള്‍ പ്രതീക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഓരോ അധ്യായത്തിലെയും പ്രധാന ആശയങ്ങള്‍ നന്നായി ഗ്രഹിക്കേണ്ടതുണ്ട്. ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ആശയങ്ങള്‍, പ്രക്രിയാശേഷികള്‍ എന്നിവയാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇതിന് പാഠപുസ്തകം നന്നായി വായിക്കുകയും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുടെ ഉത്പന്നങ്ങള്‍ (സയന്‍സ് ഡയറി, നോട്ട്ബുക്ക് തുടങ്ങിയവ) പരിശോധിക്കുകയും ചെയ്യണം.
- ഭൂപടങ്ങള്‍
സാമൂഹികശാസ്ത്രത്തില്‍ പാഠപുസ്തകത്തിലെ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂപടങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ വിശകലനംചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ത്യയുടെ രൂപരേഖയില്‍ ഭൂവിവരങ്ങള്‍ അടയാളപ്പെടുത്തുന്നതിനുള്ള ചോദ്യങ്ങള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിച്ച് വരുന്നതായി കാണുന്നു. ഭൂവിവരങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ ബിന്ദു, രേഖ, ഷെയ്ഡ് എന്നിവ ഉപയോഗിക്കാം. അടയാളപ്പെടുത്തുന്ന ഭൂവിവരത്തിന്റെ പേരെഴുതാന്‍ വിട്ടുപോകരുത്. ഗണിതത്തിലെ ചോദ്യങ്ങള്‍ക്ക് മനസ്സില്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ഉത്തരക്കടലാസിന്റെ ഒരുഭാഗം ക്രിയകള്‍ ചെയ്തതിനുശേഷം ഓരോചോദ്യത്തിനും ഉത്തരം എഴുതുകയാണ് വേണ്ടത്.
ഇതുതന്നെചെയ്യുമ്പോള്‍ ഓരോ ഉത്തരമെഴുതുന്നതിനും സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണം. ക്ലാസ്‌റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്ത ഗണിതപ്രക്രിയകള്‍ ആവര്‍ത്തിച്ച് ചെയ്യുന്നത് പരീക്ഷയ്ക്ക് ഗുണകരമാകും. ലഭ്യമായിട്ടുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്നതിനും എല്ലാ വിദ്യാര്‍ഥികള്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
എല്ലാ പരീക്ഷയ്ക്കും 15 മിനിറ്റ് സമാശ്വാസ സമയം ലഭിക്കും. ഈസമയത്ത് ചോദ്യങ്ങള്‍ ശ്രദ്ധയോടെ വായിച്ചുനോക്കുകയും ഉത്തരങ്ങള്‍ മനസ്സില്‍ ആസൂത്രണം ചെയ്യുകയും വേണം. സമ്മര്‍ദം ഒഴിവാക്കിവേണം പരീക്ഷാഹാളില്‍ എത്തേണ്ടത്. പരീക്ഷാസമയത്തിന് മുമ്പുതന്നെ ഹാളില്‍ പ്രവേശിക്കാന്‍ ശ്രദ്ധിക്കുക. ഉത്തരക്കടലാസിന്റെ ആദ്യപേജില്‍ രജിസ്റ്റര്‍നമ്പര്‍ അക്ഷരത്തിലും അക്കത്തിലും എഴുതാന്‍ നല്‍കിയിട്ടുള്ള സ്ഥാനങ്ങളില്‍ അവ തെറ്റാതെ എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വാങ്ങുന്ന അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം കൃത്യമായി ഫെയ്‌സിങ് ഷീറ്റില്‍ എഴുതാന്‍ വിട്ടുപോകരുത്.
ഉത്തരങ്ങള്‍ ആസൂത്രണംചെയ്യുമ്പോള്‍ അതത് ചോദ്യത്തിന് നല്‍കിയിട്ടുള്ള സ്‌കോര്‍ പരിഗണിക്കണം. ചോയ്‌സ് ഉള്ള ചോദ്യങ്ങളില്‍ ഏറ്റവും നന്നായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്നത് തിരഞ്ഞെടുക്കുക.നന്നായി ഉത്തരമെഴുതാന്‍ കഴിയുമെന്ന് തോന്നുന്ന ചോദ്യങ്ങള്‍ കൂള്‍ ഓഫ് ടൈമില്‍തന്നെ മുന്‍ഗണനാക്രമത്തില്‍ നിശ്ചയിക്കുന്നത് നന്നാകും.ഉത്തരം എഴുതുമ്പോള്‍ അനാവശ്യമായ വിശദീകരണങ്ങള്‍ ഒഴിവാക്കുകയും കാര്യമാത്രപ്രസക്തമായി മാത്രം ഉത്തരം എഴുതുകയുംചെയ്യണം.
എന്താണ് എസ്.എസ്.എല്‍.സി ?
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തില്‍ കേരള സ്‌കൂള്‍ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരീക്ഷയാണ് സെക്കന്ററി സ്‌കൂള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് (Secondary School Leaving Certificate) അഥവാ എസ്.എസ്.എല്‍.സി. ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വര്‍ഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും (Primary Schooling) അഞ്ചു വര്‍ഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരില്‍ ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്.
സ്റ്റേറ്റ് കൗണ്‍സില്‍ എജ്യുക്കേഷന്‍ റിസേര്‍ച്ച് ആന്റ് ട്രയിനിങ്ങ് (State Council Educational Research and Training) അഥവാ എസ് സി ഇ ആര്‍ ടി (SCERT) തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. എസ്.എസ്.എല്‍.സിലഭിച്ച ഒരു വിദ്യാര്‍ത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സ്‌കൂള്‍ അംഗീകാരം നേടിയിട്ടുള്ള ബോര്‍ഡ് (കേരളത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള) നടത്തുന്ന ഈ പരീക്ഷ , പ്രീ ഡിഗ്രി , പ്ലസ് റ്റു മറ്റു തത്തുല്യ സര്‍വകലാശാലാ വിദ്യാഭ്യാസങ്ങള്‍ക്ക് യോഗ്യതയായി കണക്കാക്കപ്പെടുന്നു. ഈ കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥി അഭിമുഖീകരിക്കുന്ന പ്രഥമ പ്രധാന പരീക്ഷയായി എസ്.എസ്.എല്‍.സിയെ പലപ്പോഴും കണക്കാക്കാറുണ്ട്.
കേരളത്തിലെ വിദ്യഭ്യാസ കലണ്ടര്‍ ആരംഭിക്കുന്നത് ജൂണിലും അവസാനിക്കുന്നത് മാര്‍ച്ചിലുമാണ്. മാര്‍ച്ചിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടത്തുന്നത്. 1986-1987 കാലഘട്ടത്തില്‍ വിദ്യഭ്യാസപരിഷ്‌കരണ നടപടികളുടെ ഭാഗമായി പരീക്ഷയുടെ പേരിന് മാറ്റം വരുത്തി എസ്.എസ്.സി എന്നാക്കിയിരുന്നു. സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്(Secondary School Certificate) എന്നാണ് മുഴുവന്‍ പേര്. പക്ഷേ 1987-1988 മുതല്‍ ഈ പരിഷ്‌കാരം പിന്‍വലിച്ച് എസ്.എസ്.എല്‍.സി എന്ന് തന്നെയാക്കുകയും ചെയ്തു. 2004 വരെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റാങ്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് ഒന്നാം റാങ്ക് എന്ന രീതിയിലായിരുന്നു അത്. 2005ല്‍ ഈ റാങ്ക് സമ്പ്രദായം എടുത്തുകളയുകയും പകരം ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വരികയും ചെയ്തു.
CONTENT HIGH LIGHTS; SSLC Exam Begins Are You Ready?: For God’s sake don’t disturb children’s studies with Mike and Columbi; What are the general considerations for the exam?; What is SSLC?