നിലവില്‍ പ്രതിദിന ഉപയോഗം 95 ദശലക്ഷം യൂണിറ്റിനരികെയാണ്. മാര്‍ച്ചില്‍ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിലെത്താനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മേയ് മൂന്നിനാണ് സംസ്ഥാനത്ത് റെക്കോഡ് ഉപയോഗമുണ്ടായത് (115.94 ദശലക്ഷം യൂണിറ്റ്). മേയ് രണ്ടിന് പീക്ക് സമയ വൈദ്യുതി ആവശ്യകതയും 5797 മെഗാവാട്ട് എന്ന റെക്കോഡിലെത്തി. ഇക്കുറി ഇതിനേക്കാള്‍ ഉയര്‍ന്ന ഉപയോഗ സാധ്യത കെ.എസ്.ഇ.ബി. മുന്നില്‍ കാണുന്നുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അമ്പലപ്പുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍, സബ് ഡിവിഷന്‍ ഓഫീസുകള്‍ക്കായി പുതുതായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈമാറ്റ കരാറുകള്‍ (ബാങ്കിംങ്) വഴി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കഴിയുന്നത്ര വൈദ്യുതി എത്തിക്കാനാണ് ശ്രമം നടത്തുന്നത്. പഞ്ചാബുമായും യു.പിയുമായും കരാറിന് ഇതിനകം ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയ ശേഷമായിരിക്കും തുടര്‍നടപടി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാകാന്‍ സാധ്യതയുള്ള മാര്‍ച്ച്-മേയ് വരെയുള്ള മാസങ്ങളില്‍ അവിടെ നിന്നും വൈദ്യുതി എത്തിക്കാനും, കേരളത്തില്‍ വൈദ്യുതി ആവശ്യകത കുറവുള്ള ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ തിരികെ നല്കാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനും ശ്രമമുണ്ട്.
ട്രാന്‍സ്‌ഫോര്‍മറുകള്‍ അമിത ലോഡില്‍ തകരാറിലാകുന്നതടക്കം വൈദ്യുതി വിതരണ മേഖലയില്‍ നിരവധി പ്രശ്‌നങ്ങള്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് നേരിടേണ്ടി വന്നു. അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. വിതരണ മേഖലയില്‍ ഓവര്‍ലോഡായ ട്രാന്‍സ്‌ഫോര്‍മറുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രസരണ വിതരണ മേഖലകള്‍ തമ്മില്‍ ചര്‍ച്ച നടത്തി യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ അറ്റകുറ്റ പണികള്‍ നടത്തിക്കൊണ്ട് വൈദ്യുതി തടസ്സം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ അറ്റകുറ്റപണികള്‍ ചെയ്യുമ്പോള്‍ ടച്ചിംങ് ക്ലിയറന്‍സ് വര്‍ക്കുകളും, ലൈനിലെ മറ്റു് പ്രവര്‍ത്തികളും ഒരുമിച്ച് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണമെന്നും അറ്റകുറ്റ പണികളുടെ പേരില്‍ തുടര്‍ച്ചയായി വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ആലപ്പുഴ എം.എല്‍.എ.എച്ച് സലാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന റെജികുമാര്‍ സ്വാഗതം ആശംസിച്ചു. ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്മിത മാത്യു തുടങ്ങി വിവിധ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; KSEB is preparing to meet the increasing energy consumption. Done: Minister K. Krishnankutty