താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പരിക്കേറ്റ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ പ്രവീഷ്. 250 ഓളം വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട്. ഷഹബാസ് ട്യൂഷൻ സെന്ററിൽ പഠിച്ച വിദ്യാർത്ഥിയല്ലായെന്നും പ്രവീഷ് പറഞ്ഞു. പത്ത് വർഷമായി ഫെയർവെൽ നടത്താറുള്ളതാണ്. അത് പോലൊരു പ്രോഗ്രാമായിരുന്നു ഞായറാഴ്ച നടത്തിയതെന്നും ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
‘വൈകീട്ട് 4 മണിക്ക് തുടങ്ങി 7 മണിക്ക് നിർത്തുന്ന തരത്തിലായിരുന്നു പരിപാടി. എളേറ്റ് സ്കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടയിൽ പാട്ട് നിന്നു പോയി. മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾ അപ്പോൾ കൂവിവിളിച്ചു. പുറത്ത് നിന്നുള്ള ആരും ഹാളിലുണ്ടായിരുന്നില്ല. മരിച്ച ഷഹബാസും അന്ന് അവിടെ ഉണ്ടായിരുന്നില്ല. കൂവിയപ്പോഴും അപ്പോൾ അതൊരു പോസിറ്റീവായിട്ടാണ് എടുത്തത്. പിന്നീടാണ് വിദ്യാർത്ഥികൾ തമ്മിൽ ഹാളിന് പിന്നിൽ പ്രശ്നം ഉണ്ടായത്. ടീച്ചർമാർ ഇടപെട്ട് വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റിയിരുന്നു. അടി കിട്ടിയ എംജെ സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെ അധ്യാപകർ തന്നെയാണ് വീട്ടിൽ കൊണ്ടുചെന്നാക്കിയത്. പിന്നാലെ രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാർത്ഥികളോട് ഇനി ട്യൂഷൻ ക്ലാസിൽ വരേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിലേക്ക് വിളിച്ചാൽ മതിയെന്ന് അറിയിച്ചു.’ പ്രവീഷ് പറഞ്ഞു.
ചായക്കടക്കാരാണ് സംഘർഷത്തെ കുറിച്ച് അറിയിച്ചത്. അധ്യാപകനും സ്റ്റാഫും അവിടെ ചെന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റാൻ സാധിച്ചത്. തല്ലിയതിൽ ട്യൂഷൻ സെന്ററിലുള്ള വിദ്യാർത്ഥികളുമുണ്ടെന്നും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നത് ഇന്നലെയാണ് താനറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു.
STORY HIGHLIGHT: thamarassery student death