കൊല്ലത്ത് ആത്മഹത്യയിൽനിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. മദ്യലഹരിയിൽ തീവണ്ടിപ്പാളത്തിൽ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്പാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലിൽ വീട്ടിൽ ചെമ്മീൻ കർഷകത്തൊഴിലാളി സുരേഷ് ആണ് മരിച്ചത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടിയെ പോലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. അമ്പാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമ്പാടിയെന്ന് പോലീസ് പറഞ്ഞു. കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ഓടിച്ചുവിട്ടിരുന്നു. തുടർന്ന് മദ്യലഹരിയിൽ സമീപത്തെ തീവണ്ടിപ്പാതയിലേക്കു കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാർ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ചശേഷം മടങ്ങി.
എന്നാൽ വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. നാട്ടുകാർ ഉടൻ സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
STORY HIGHLIGHT: 20 year old youth killed a man