Kerala

ഞാൻ കരയുമ്പോൾ കൂട്ടുകാർ കളിയാക്കി ചിരിക്കുകയായിരുന്നു; സഹപാഠികളുടെ നായ്ക്കുരണ പൊടി പ്രയോഗം വിദ്യാർഥിനിക്ക് ദുരിത ജീവിതം – naikurana powder

കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കുട്ടി

സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദുരിത ജീവിതം. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ വിദ്യാർഥിനി. നായ്ക്കുരണം ദേഹത്ത് വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ബാത്റൂമിൽ നിന്ന് താൻ കരയുമ്പോൾ സഹപാഠികൾ പുറത്ത് നിന്ന് ചിരിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

മാനസികമായി തകർന്ന പെൺകുട്ടിക്ക് കാവലായി ജോലിക്ക് പോലും പോകാനാവാതെ കൂട്ടിരിക്കുകയാണ് കുട്ടിയുടെ അമ്മ. ആന്തരികമായി ഇൻഫക്ഷൻ ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ല.

‘ഐടിയുടെ എക്സാമിന് ശേഷം ഞാൻ ക്ലാസിൽ വന്നു കിടക്കുകയായിരുന്നു. സഹപാഠി ബാഗിൽ നിന്ന് നായ്കുരണം എടുത്ത് മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു ഇത് പുലർച്ചെ അഞ്ച് മണിക്ക് പോയി പറിച്ചതാണ്, ചൊറിയുന്ന സാധനം ആണെന്നൊക്കെ. ഇതും പറഞ്ഞ് ക്ലാസിലെ മറ്റൊരു കുട്ടിയുടെ മേലേക്ക് ഈ സാധനം ഇട്ടു. അയാളത് എടുത്തെറിഞ്ഞത് എന്റെ ദേഹത്തേക്ക് വീണു. അപ്പോൾ തന്നെ തട്ടിക്കളഞ്ഞതാണ് പക്ഷേ അതിന്റെ പൊടി എന്റെ മേലേക്ക് വീണു, ചൊറിയാൻ തുടങ്ങി. ഞാൻ നേരെ ബാത്റൂമിലേക്ക് പോയി കോട്ടെല്ലാം അഴിച്ചപ്പോഴേക്കും എല്ലാ പൊടിയും ദേഹത്തായി. ക്ലാസിലെ കുട്ടികളോട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ചൊറിയുന്നു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സോപ്പ് വാങ്ങി വരാം നീയൊന്ന് കുളിക്ക് ശരിയാകും എന്നാണ് അവർ പറഞ്ഞത്. കുളിച്ച് കഴിഞ്ഞതും ചൊറിച്ചിൽ സഹിക്കാനാവാതെ ആയി. അന്നേരം അവർ പോയി എണ്ണ വാങ്ങി വന്നു. അപ്പോഴേക്കും ദേഹമാകെ ഇത് പടർന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ വരെ സഹിക്കാനാവാത്ത ചൊറിച്ചിൽ വന്നപ്പോൾ ഇവർ ലാക്ടോ കലാമിൻ വാങ്ങാനായി പുറത്ത് പോയി. അന്നേരമാണ് ഹിന്ദി ടീച്ചർ ഇവർ പോകുന്നത് കാണുന്നത്. എന്തിനാ ലാക്ടോ കലാമിൻ എന്ന് ചോദിച്ചപ്പോൾ എനിക്ക് പീരിയഡ്സിന്റെ ഭാഗമായി ചൊറിച്ചിൽ ഉണ്ടെന്നാണ് അവർ പറഞ്ഞത്. അന്നേരവും അവർ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞില്ല. പക്ഷേ ടീച്ചർ എന്നെ കാണാൻ വന്നു വാതിൽ തുറക്കാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ടീച്ചറേ ഇങ്ങനൊരു പൊടി മേത്ത് വീണു ഞാൻ വസ്ത്രം മാറി നിൽക്കാണ് ചൊറിച്ചിൽ സഹിക്കാനാവുന്നില്ല എന്ന്. ടീച്ചർ പുറത്ത് നിൽക്കുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നത് ഞാൻ കേൾക്കുന്നുണ്ട്. നായ്ക്കുരണപ്പൊടി ആണെന്ന് ആദ്യം അവർ സമ്മതിച്ചില്ല കുറേ കള്ളം പറഞ്ഞു. ടീച്ചറാണ് അമ്മയെ വിളിച്ച് എനിക്കുള്ള ഡ്രസ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. അമ്മ എത്തിയാണ് എന്നെ കാക്കനാട് പ്രൈമറി ഹെൽത്ത് സെന്റിൽ കൊണ്ടുപോകുന്നത്.’ പെൺകുട്ടി പറഞ്ഞു.

ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേ കാര്യമായ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് അവർ പറഞ്ഞെന്നും കൂടാതെ ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു.

STORY HIGHLIGHT: naikurana powder

Latest News