മാധ്യമങ്ങളല്ല ആരെയും നേതാവും മുഖ്യമന്ത്രിയും ആക്കുന്നതെന്നും മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് മുഖ്യമന്ത്രിയാവാമെന്ന് ആരും ധരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊരുങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഇന്ദിരാഭവനില്‍ ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് വരെ ഒറ്റക്കെട്ടായി നീങ്ങാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ഐകകണ്ഠേന തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി. ശശി തരൂരുമായി ബന്ധപ്പെട്ട് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണമെങ്കിലും എല്ലാവര്ക്കും ബാധകമെന്ന നിലയിയാണ് രാഹുല്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാഗ്രഹിക്കുന്നില്ലെന്നും ആരുടെയെങ്കിലും വ്യക്തിപരമായ വീക്ഷണം അതിനാല്‍ മാധ്യമങ്ങളെ അറിയിക്കരുതെന്നും രാഹുൽ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേതാക്കള്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു.
STORY HIGHLIGHT: rahul gandhi warns congress leaders