താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ. നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ആക്രമണം ബോധപൂർവ്വം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്ന് പ്രതികൾ സന്ദേശങ്ങളിൽ പറയുന്നുണ്ട്.
STORY HIGHLIGHT: shahbass skull is broken in students attack