Kerala

പണി നടക്കുന്നതിനിടെ 33 കെ.വി. ലൈനിൽ നിന്ന് തൊഴിലാളിക്ക് ഷോക്കേറ്റു; സബ് എന്‍ജിനീയറെ സസ്‌പെന്‍ഡുചെയ്തു – worker shocked

മല്ലപ്പള്ളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടുപ്രകാരമാണ് സസ്‌പെൻഷൻ നടപടി

പണി നടക്കുന്നതിനിടെ 33 കെ.വി. ലൈന്‍ ചാര്‍ജുചെയ്ത് തൊഴിലാളിക്ക് ഗുരുതരമായി ഷോക്കേറ്റ സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡുചെയ്തു. വെണ്ണിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ യശോധരനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ സാരമായി പൊള്ളലേറ്റ, എടത്വ പച്ച ഇരുനൂറ്റിപ്പുതുവല്‍ ഗോപാലകൃഷ്ണനെ തിരുവല്ലയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി പോസ്റ്റില്‍നിന്ന് താഴെയിറക്കി തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

മല്ലപ്പള്ളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടുപ്രകാരമാണ് സസ്‌പെൻഷൻ നടപടി. വൈദ്യുതി ബോര്‍ഡിന്റെ ജില്ലാതല സുരക്ഷാ ചുമതല വഹിക്കുന്ന എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബിജു എബ്രഹാം, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസര്‍ എന്നിവര്‍ ശനിയാഴ്ച സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.

വൈകീട്ട് ആറുമണിയോടെ ലൈന്‍ ചാര്‍ജുചെയ്തത് മല്ലപ്പള്ളി 110 കെ.വി.സബ്സ്റ്റേഷനില്‍നിന്നാണ്. വെണ്ണിക്കുളം സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഓണാക്കിയതെന്ന് സബ്സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. ഷോക്കേറ്റ തൊഴിലാളിയെ കൂടുതല്‍ വിദഗ്ധചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHT: worker shocked