ഹരിയാനയിൽ 23കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ ആണ് മരിച്ചത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഉപേക്ഷിച്ച സമയം മനസ്സിലാക്കാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു സാംപ്ല എസ്എച്ച്ഒ ബിജേന്ദർ സിങ് പറഞ്ഞു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ഹിമാനി നർവാൾ റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലും ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി.
ഹിമാനി നർവാളിന്റെ മരണത്തിൽ ഭൂപീന്ദർ ഹൂഡ അനുശോചനം അറിയിച്ചു. അന്വേഷണം വേഗത്തിത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് റോഹ്തക് എംഎൽഎ ഭരത് ഭൂഷൺ ബത്ര ആവശ്യപ്പെട്ടു.
STORY HIGHLIGHT: congress worker himani narwals body found in trolley bag