Kerala

സന്ദർശക വീസയിൽ ജോർദാനിലെത്തി, ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു – man dies shooting jordan

സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു

സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം. സമീപ വാസികളായ ഗബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്.

സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.

അതേസമയം, ഇവർ ടൂറിസ്റ്റ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറഞ്ഞു. ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പോലീസും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.

STORY HIGHLIGHT: man dies shooting jordan