ജറുസലം: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച പരാജയമായതിനുപിന്നാലെ, ഗാസയിലേക്കു ജീവകാരുണ്യസഹായവുമായെത്തുന്ന ട്രക്കുകൾ ഇസ്രയേൽ തടഞ്ഞു. യുഎസ് പിന്തുണയോടെയാണു നടപടിയെന്നും വ്യക്തമാക്കി. ഒന്നാം ഘട്ട വെടിനിർത്തൽ 42 ദിവസം നീട്ടുകയും ബന്ദികളെ വിട്ടയയ്ക്കുകയും ചെയ്യണമെന്ന ഇസ്രയേൽ നിർദേശം ഹമാസ് തള്ളിയതാണു പ്രകോപനം. അതിനിടെ, ഇസ്രയേൽ വെടിവയ്പിൽ ഗാസയിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. സൈന്യത്തിനെതിരെ ബോംബ് വയ്ക്കാൻ വന്നവരെ വധിച്ചെന്നാണ് ഇസ്രയേൽ ഭാഷ്യം. വടക്കൻ, തെക്കൻ ഗാസ മേഖലകളിൽ പീരങ്കി, ബോംബാക്രമണങ്ങളുമുണ്ടായി.
റമസാൻ, പെസഹ എന്നിവ കഴിയും വരെ വെടിനിർത്തൽ തുടരണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അനുസരിച്ചാണ് ഒന്നാംഘട്ടം നീട്ടാമെന്ന പദ്ധതി ഇസ്രയേൽ മുന്നോട്ടുവച്ചത്. റമസാൻ ഈ മാസം 31നും പെസഹ ഏപ്രിൽ 20നും പൂർത്തിയാകും.ഈ കാലയളവിൽ ബന്ദികളെ മോചിപ്പിക്കാതെ സഹായവിതരണം അനുവദിക്കില്ലെന്നും ഹമാസ് ഇത് അംഗീകരിക്കുന്നില്ലെങ്കിൽ കൂടുതൽ ഭവിഷ്യ ത്തുകൾ നേരിടേണ്ടി വരുമെന്നും ഇസ്രയേൽ മുന്നറിയിപ്പു നൽകി. ജനുവരിയിൽ ഒപ്പുവച്ച കരാർപ്രകാരം വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്കു പോകണമെന്നാണു ഹമാസ് നിലപാട്.