ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സി പി എം തുറന്ന് കാണിക്കുമെന്ന് എം വി ഗോവിന്ദൻ. സമരക്കാർക്ക് പിന്നിൽ എസ്‍യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സുരേഷ് ഗോപി സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ല. പ്രതികരണത്തില്‍ സുരേഷ് ഗോപിക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കുടയല്ല കേന്ദ്രത്തിൽ നിന്നും കാശാണ് വാങ്ങി കൊടുക്കേണ്ടതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഇന്നലെ ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തിയ സുരേഷ് ഗോപി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കിയിരുന്നു. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി ഡല്‍ഹിക്ക് പോവുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു. രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയിൽ എത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ വിമർശിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയത്.