കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം.
കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക-കുടുംബം പറഞ്ഞു.
ഹൈക്കോടതി ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്ന് മഞ്ജുഷ പറഞ്ഞു. കോടതിയിൽ നല്ല വാദമുഖങ്ങൾ അവതരിപ്പിച്ചു. ആദ്യ അഭിഭാഷകനെ മാറ്റി രാംകുമാറിനെ നിയമിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു.
പൊലീസിൽ നിന്ന് നീതി കിട്ടാതെയാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.