Kerala

ഓപ്പറേഷൻ ഫീനിക്സ്; കേരളത്തിലെ വീണ്ടെടുക്കലിന്റെയും ശാക്തീകരണത്തിന്റെയും വിജയകരമായ യാത്ര – Operation Phoenix

തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, തൃശൂർ, കണ്ണൂർ തുടങ്ങി സംസ്ഥാനത്തെ അഞ്ച് പ്രധാന റെയിൽവെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് നിലവിൽ പദ്ധതി പ്രവർത്തിക്കുന്നത്

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബലിറ്റി അഥവാ സിഎസ്ആറിൻ്റെ ഭാഗമായി തുടങ്ങിയ ഓപ്പറേഷൻ ഫീനിക്സെന്ന സംരംഭം, ലഹരിവസ്തുക്കൾക്കെതിരായ കേരളത്തിൻ്റെ പോരാട്ടത്തിൽ വലിയൊരു മുന്നേറ്റമാവുകയാണ്. 2024 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് (കേരളീയം), കേരള പോലീസ് ഡിപ്പാർട്ട്‌മെൻ്റ്, ഇന്ത്യൻ റെയിൽവേ, ഫാംസൺ ഫാർമസ്യൂട്ടിക്കൽസ് ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തിൻ്റെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമായത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, തൃശൂർ, കണ്ണൂർ തുടങ്ങി അപകടസാധ്യതയും ജനസാന്ദ്രതയുമുള്ള സംസ്ഥാനത്തെ അഞ്ച് പ്രധാന റെയിൽവെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് നിലവിൽ പദ്ധതി പ്രവർത്തിക്കുന്നത്. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും പെരുമാറ്റങ്ങളിൽ മാറ്റമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കുന്നത്. ഇതിനായി ആകർഷകമായ ജിംഗിളുകൾ, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ട്. ലഹരിവസ്തുക്കളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൗൺസിലിംഗ് സേവനങ്ങളും ചികിത്സ റഫറലുകളും നൽകുന്നതിനുള്ള പ്രതിബദ്ധതയാണ് ഓപ്പറേഷൻ ഫീനിക്സിൻ്റെ പ്രധാന സവിശേഷത. ലഹരി വസ്കുക്കൾക്ക് അടിമപ്പെട്ടവർക്ക് അനുകമ്പയോടെയുള്ള സമീപനവും എളുപ്പത്തിൽ ലഭ്യമാകുന്ന സേവനങ്ങളും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന് കൂടുതൽ സാധ്യതയുള്ള വിദ്യാർഥികൾ, ദിവസവേതന തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇതിലകപ്പെടാതിരിക്കാൻ ഒട്ടേറെ പിന്തുണ നല്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന സ്ത്രീകൾക്കും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മൊത്തത്തിൽ, 125 വ്യക്തികൾ (67.57%) പദ്ധതിയുടെ കൗൺസിലിംഗ് സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. പ്രോജക്റ്റിൻ്റെ ഏറ്റവും ഗുണപരമായ വശമായി ഉയർന്നു നില്ക്കുന്നതും ഇത് തന്നെ.

ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്, വനിതാ ശിശു വികസനം (ഡബ്ല്യുസിഡി), കെഎസ്എസിഎസ് (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി), സാമൂഹിക നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ പ്രധാന സർക്കാർ വകുപ്പുകളുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെയാണ് പദ്ധതി വിജയം ഉറപ്പിച്ചത്. സർക്കാർ നടത്തുന്ന സേവന ഔട്ട്‌ലെറ്റുകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയിൽ നിന്ന് ഗുണഭോക്താക്കളെ ചികിത്സയ്ക്കായി റഫർ ചെയ്യുന്നതിൽ കുടുംബശ്രീ പോലുള്ള അടിസ്ഥാന സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർണായക പങ്ക് വഹിച്ചു. സ്ത്രീകളും ട്രാൻസ്‌ജെൻഡറുമടക്കം സമൂഹത്തിൽ പാർശ്വവലിക്കരിക്കപ്പെട്ട വ്യക്തികളിലും സംഘങ്ങളിലും പദ്ധതി ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ലഹരി രഹിത ജീവിതം നയിക്കുന്നതിനും ജീവിതത്തിൽ വിജയങ്ങൾ നേടാനും സാങ്കേതിക ഇടപെടലുകളിലൂടെ ഗുണഭോക്താക്കളെ സമൂഹത്തിലേക്ക് വീണ്ടും ഇണക്കിച്ചേർക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, മൊത്തത്തിലുള്ള പ്രകടനവും ഫലങ്ങളും അവലോകനം ചെയ്തു. കേരളീയം വർക്കിംഗ് ചെയർമാൻ ശ്രീ ജി രാജമോഹൻ്റെ അധ്യക്ഷതയിൽ പ്രോജക്ട് ഡയറക്ടർ ഡോ. എസ് കെ ഹരികുമാറിൻ്റെ സാങ്കേതിക മാർഗനിർദേശത്തോടെ, സെക്രട്ടറി ജനറൽ ശ്രീ എൻ ആർ ഹരികുമാറിൻ്റെ നേതൃത്വത്തിൽ കേരളീയം ഭാരവാഹികളാണ് അവലോകനം ചെയ്തത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം കൈകാര്യം ചെയ്യേണ്ടത് കേരളത്തിലെ ഒരു നിർണായക ആവശ്യമാണെന്നും സമാന ചിന്താഗതിക്കാരായ സംഘടനകളുമായി സഹകരിച്ച് ഈ ശ്രമം തുടരാൻ കേരളീയം തീരുമാനിച്ചിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര മേഖലകൾ, റെസിഡൻഷ്യൽ കോളനികൾ, തീരപ്രദേശങ്ങൾ, പഞ്ചായത്തുകൾ, കുടിയേറ്റ പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ പദ്ധതിയുടെ ഇടപെടലുകൾ വിപുലീകരിക്കുന്നതിനാണ് ഭാവിയിൽ കൂടുതൽ ശ്രദ്ധ നല്കുന്നത്.

STORY HIGHLIGHT: Operation Phoenix