World

ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: ഉപരോധം കടുപ്പിക്കുന്നതിനു പുറമെ ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്നുറച്ച്​ ഇ​സ്രായേൽ. അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിന്​ പദ്ധതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ബന്ദികളെ പത്ത്​ ദിവസത്തിനുള്ളില്‍ ഹമാസ്​ കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാ​രംഭിക്കുമെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്ച യു.എസ്​ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ വ്യക്​തമാക്കുന്നു. ചർച്ചക്ക്​ വിസമ്മതിച്ച ഹമാസാണ്​ നിലവിലെ പ്രതിസന്ധിക്ക്​ കാരണമെന്ന്​ അമേരിക്ക കുറ്റപ്പെടുത്തി. അതിനിടെ ബന്ദികളുടെ ജീവൻ കൊണ്ട്​ പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. ഇസ്രായേൽ ​പാർലമെന്‍റിലും ബന്ദികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർത്തി.

അതേസമയം, വ​ട​ക്ക​ൻ ഇ​സ്രാ​യേ​ൽ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ കു​ത്തേ​റ്റ്​ 70 കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മി​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ പൗ​ര​ത്വ​മു​ള്ള അ​റ​ബ് വം​ശ​ജ​നാ​ണ് ആ​ക്ര​മി​യെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഈജിപ്ത്​ തലസ്ഥാനമായ കെയ്​റോയിൽ ഇന്ന്​ ചേരുന്ന അറബ്​ ലീഗ്​ നേതൃയോഗം ട്രംപിന്‍റെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.