Health

പൊണ്ണത്തടിക്ക് പരിഹാരമായി നൂതന ശസ്ത്രക്രിയ

ഇന്ന് ലോക ഒബീസിറ്റി (പൊണ്ണത്തടി) ദിനം. ഒട്ടുമിക്കവരിലും പൊണ്ണത്തടി ഇന്ന് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്നു. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി ചെയ്യുന്നതോടെ പലരിലും വിഷാദ രോഗം ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായ ചികിത്സകളിലൂടെ വളരെ ലളിതമായി പൊണ്ണത്തടി കുറക്കാനുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.

ഓഫീസ് ജോലികളും അധികം ആയാസമില്ലാതെ ഇരുന്നു കൊണ്ടുള്ള ജോലിയായ ഐ.ടി. മേഖല പോലെയുള്ള ഡെസ്ക് ജോലികൾ ആണ് കൂടുതൽ പേരും ചെയ്യുന്നത്. മതിയായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് കൊണ്ട് തന്നെ കൊഴുപ്പ് അടിഞ്ഞ് കൂടാനും വണ്ണം വെക്കാനും ഇത് കാരണമാകുന്നുണ്ട്. ഇതോടൊപ്പം ജനിതക കാരണങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മതിയായ ഉറക്കമില്ലായ്മയുമെല്ലാം പൊണ്ണത്തടിക്ക് കാരണമായേക്കാം. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങളും അമിതവണ്ണത്തിനു കാരണമാകാറുണ്ട്.

ബോഡി മാസ് ഇന്റക്സ്

ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കണക്കാക്കുന്നതിനുള്ള മാർഗമാണ് ബോഡി മാസ് ഇൻ്റക്സ് (ബി.എം.ഐ). കിലോഗ്രാമിലുള്ള ഭാരവും മീറ്ററിലുളള ഉയരവും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ബി.എം.ഐ കണ്ടെത്തുന്നത്. ഒരു വ്യക്തിക്ക് അപകടകരമായ രീതിയിൽ അമിത വണ്ണമുണ്ടോ എന്നും മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ബി.എം.ഐയുടെ അടിസ്ഥാനത്തിലാണ്. 18.5 മുതൽ 24.5 ആരോഗ്യകരമായ ബി.എം.ഐ.

വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ

ജീവിതശൈലീ മാറ്റങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ തന്നെ അമിത വണ്ണം പരിഹരിക്കാം എന്നാൽ ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, ബാരിയാട്രിക് ശസ്ത്രക്രിയ രീതികൾ വേണ്ടി വരും.

ബാരിയാട്രിക് ശസ്ത്രക്രിയ

ബി.എം.ഐ 35നും 45നും ഇടയിലുളളവർക്ക് അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശസ്ത്രക്രിയയാണ് ഉചിതം. 40ന് മുകളിലായാൽ ബാരിയാട്രിക് ശസ്ത്രക്രിയ കൂടാതെ പൊണ്ണത്തടി കുറക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പൊണ്ണത്തടിക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ബാരിയാട്രിക് ശസ്ത്രക്രിയകൾ. ബി.എം.ഐയുടെയും മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും അടിസ്ഥാനത്തിലാണ് ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കുറക്കുക, ദഹനത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ആഗിരണം കുറക്കുക എന്നിവയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ് എന്നിവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ആമാശയത്തിന്റെ വലിപ്പം കുറക്കുകയാണ് ചെയ്യുന്നത്. പൊണ്ണത്തടിക്ക് ശാശ്വതമായ പരിഹാരം നേടാം എന്നതിനൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം ലഭിക്കുമെന്നതാണ് ബാരിയാട്രിക് ശസ്ത്രക്രിയകളുടെ സവിശേഷത. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ ആരോഗ്യപരമായ വണ്ണത്തിന് (ഐഡിയൽ വെയ്റ്റ്) അടുത്തെത്താൻ കഴിയും.

ശസ്ത്രക്രിയയ്ക്ക് ശേഷം

ശസ്ത്രക്രിയയ്ക്ക് ശേഷം ഫലം ലഭിക്കണമെങ്കിൽ രോഗിയുടെ സഹകരണം കൂടി അത്യാവശ്യമാണ്. ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരികയും ആരോഗ്യകരമായ ഭക്ഷണ ശീലം തുടർന്നു കൊണ്ടുപോവുകയും വേണം. കൃത്യമായ വ്യായാമവും അനിവാര്യമാണ്. വർഷത്തിലൊരിക്കലെങ്കിലും ശരീരപരിശോധനകൾ നടത്തണം. മേൽപ്പറഞ്ഞ ശീലങ്ങൾ പാലിക്കാതെ വന്നാൽ ഭാവിയിൽ വീണ്ടും പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഡോ. ദീപക് വർമ്മ, സീനിയർ കൺസൾട്ടന്റ് , സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, ആസ്റ്റർ മെഡ്സിറ്റി , കൊച്ചി