ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റം അല്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രയോഗങ്ങൾ മോശമാണ്. എന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതായി കണക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ ഉദ്യോഗസ്ഥനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ചെന്നാരോപിച്ചുള്ള കേസ് അവസാനിപ്പിച്ചത്.
ജാർഖണ്ഡിലെ ഒരു ഉറുദു പരിഭാഷകനും ആക്ടിംഗ് ക്ലർക്കുമാണ് പരാതി നൽകിയത്. വിവരാവകാശ അപേക്ഷയുടെ വിവരങ്ങൾ നൽകാൻ പ്രതിയെ സന്ദർശിച്ചപ്പോൾ, പ്രതി തൻ്റെ മതം പരാമർശിച്ച് അധിക്ഷേപിക്കുകയും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത് തടയാൻ ക്രിമിനൽ ബലപ്രയോഗം നടത്തുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു.
ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിരസിച്ച സുപ്രീംകോടതി, ഇത് വിവരദാതാവിൻ്റെ മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമല്ലെന്ന് പറഞ്ഞു. സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന ഒരു നടപടിയും പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.