ചാംപ്യന്‍സ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍ ആരാധകരെ കാത്ത് വമ്പന്‍ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. മാഡ്രിഡ് ഡാര്‍ബിയാണ് ഇതില്‍ ശ്രദ്ധേയം. റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള ടീമാണ് റയല്‍ മാഡ്രിഡ്. സമീപ കാലത്ത് രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടും രണ്ട് തവണയും റയലിനു മുന്നില്‍ കിരീടം അടിയറവ് വച്ചതിന്റെ ചരിത്രമാണ് അത്‌ലറ്റിക്കോയ്ക്കുള്ളത്.
അതേസമയം നിലവിലെ സീസണില്‍ ലാ ലിഗയിലടക്കം സ്വപ്‌നതുല്യ മുന്നേറ്റമാണ് ഡിഗോ സിമിയോണിയും സംഘവും നടത്തുന്നത്. ഇന്ന് എവേ പോരില്‍ കൃത്യമായ ആധിപത്യം സ്ഥാപിച്ച് സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ വേവലാതി ഇല്ലാതെ ഇറങ്ങുകയായിരിക്കും അത്‌ലറ്റി ലക്ഷ്യമിടുന്നത്. റയല്‍ നിലവില്‍ ലാ ലിഗയില്‍ ഒന്നാം സ്ഥാനം കളഞ്ഞുകുളിച്ച് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം അവര്‍ റയല്‍ ബെറ്റിസിനോടു പരാജയപ്പെട്ടിരുന്നു.
കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം അടക്കമുള്ളവരുടെ മികവില്‍ വിശ്വാസമര്‍പ്പിച്ചാണ് ആന്‍സലോട്ടി ഇന്ന് സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ടീമിനെ ഇറക്കുന്നത്. ജൂലിയന്‍ അല്‍വാരസ്, ഗ്രീസ്മാന്‍ അടക്കമുള്ള താരങ്ങളുടെ മികവാണ് സീസണില്‍ അത്‌ലറ്റിക്കോയുടെ മുന്നേറ്റത്തിന്റെ കാതല്‍. ഇന്ന് മറ്റ് മത്സരങ്ങളില്‍ ക്ലബ് ബ്രുഗ്ഗെ- അസ്റ്റന്‍ വില്ലയേയും ആഴ്‌സണല്‍- പിഎസ്‌വി ഐന്തോവനേയും ബൊറൂസിയ ഡോര്‍ട്മുണ്ട്- ലില്ലിനേയും നേരിടും. ക്ലബ് ബ്രുഗ്ഗെ- വില്ല പോരാട്ടം രാത്രി 11.15നാണ്. ശേഷിക്കുന്ന മത്സരങ്ങള്‍ പുലര്‍ച്ചെ 1.30 മുതലും അരങ്ങേറും.
content highlight: Champions League