Thiruvananthapuram

തിരുവനന്തപുരത്ത് പ്രവാസിയെ വഞ്ചിച്ച് അമ്മയും മകനും തട്ടിയെടുത്തത് ലക്ഷങ്ങൾ; പണം വിനിയോഗിച്ചത് ആഡംബര ജീവിതം നയിക്കാനും; സുമതിയുടെയും അജയന്റെയും തട്ടിപ്പിന് ഇരയായവർ വേറെയും..| cheated the expatriate and stole lakhs

ചാല കൊത്തുവാൾ തെരുവിൽ അരുണാചലം സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് സവാള മൊത്തവ്യാപാരം നടത്തിയതോടെയാണ് പ്രവാസി അജയന്റെയും മാതാവ് സുമതിയുടെയും ചതിക്ക് ഇരയായത്

തിരുവനന്തപുരത്ത് പ്രവാസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് വ്യാപാരിയും കുടുംബവും. തിരുവനന്തപുരം ചാല കൊത്തുവാൾ തെരുവിൽ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള മൊത്തവ്യാപാരത്തിന്റെ പേരിൽ പ്രവാസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. 35 വർഷമായി വിദേശത്ത് ജോലി ചെയ്തുവരുന്ന പ്രവാസിയും മകനുമാണ് അജയന്റെയും മാതാവിന്റെയും ചതിയിൽപ്പെട്ട് പണം നഷ്ടമായിരിക്കുന്നത്.

ചാല കൊത്തുവാൾ തെരുവിൽ അരുണാചലം സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് സവാള മൊത്തവ്യാപാരം നടത്തിയതോടെയാണ് പ്രവാസി അജയന്റെയും മാതാവ് സുമതിയുടെയും ചതിക്ക് ഇരയായത്. സവാള ഹോൾസെയിൽ നിരക്കിൽ ലോഡുകണക്കിന് വാങ്ങിച്ചെടുക്കുകയും എന്നാൽ പിന്നീട് ഇതിനുള്ള പണം നൽകാതിരിക്കുകയുമാണ് അജയനും സുമതിയും ചെയ്തുവരുന്നത്.

ഇങ്ങനെ അന്യസംസ്ഥാനത്തുള്ളവർ ഉൾപ്പെടെ നിരവധിപേർ ഇവരുടെ ചതിയിൽ പെട്ടിട്ടുണ്ട്. തട്ടിപ്പിന് ഇരയായ പ്രവാസി ഇതുസംബന്ധിച്ച് നിയമനടപടികളുമായി കോടതിയെ സമീപിച്ചതോടെയാണ് അജയന്റെയും മാതാവിന്റെയും സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്.  തട്ടിപ്പ് നടത്തി നേടുന്ന പണം ഉപയോഗിച്ച് തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും ആഡംബര ജീവിതം നയിക്കുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് അറിയുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ക്ലബുകളിൽ അംഗമാണ് സുമതി.

ചാല കൊത്തുവാൾ തെരുവിൽ അരുണാചലം സ്റ്റോഴ്‌സ്, നാലാഞ്ചിറയിൽ ബിമാർട്ട് എന്നീ സ്ഥാപനങ്ങളാണ് അജയനും മാതാവും നടത്തിവരുന്നത്. ഇവരുടെ തട്ടിപ്പിന്റെ നാൾവഴികൾ ഇങ്ങനെ…

അജയൻ പ്രവാസിയെയും കുടുംബത്തെയും സമീപിക്കുകയും സവാള മൊത്തവിലയിൽ എടുത്ത് നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. പ്രവാസിയുടെ മകനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചായിരുന്നു അജയൻ പ്രവാസിയെയും സമീപിച്ചത്. പ്രവാസിക്ക് തന്റെ മകനിലുള്ള വിശ്വാസം മുതലെടുത്തായിരുന്നു അജയനും മാതാവും തട്ടിപ്പ് തയ്യാറാക്കിയത്. 520 ചാക്ക് സവാള ആദ്യം വാങ്ങിയതിന് ശേഷം കുറച്ച് തുക നൽകിമാത്രം നൽകിയതിന് ശേഷം ഇനിയുള്ള ലോഡ് വരുമ്പോൾ ബാക്കിയും തുകയും അടുത്തതും ഒരുമിച്ച് നൽകാമെന്ന് വിശ്വസിപ്പിക്കുകയും ആയിരുന്നു.

എന്നാൽ രണ്ടാം ഘട്ടത്തിലുള്ള ലോഡ് വന്ന് അത് വാങ്ങിയെടുത്തിട്ടും പണം നൽകാൻ അജയനും മാതാവും തയ്യാറായില്ല. പണം ആവശ്യപ്പെട്ടവർക്ക് മരിച്ചുപോയ അച്ഛന്റെ പേരിലുള്ള ചെക്കും സ്ഥാപനത്തിന്റെ പേരിലുള്ള ലെറ്റർ ഹെഡിൽ ഉറപ്പ് നൽകിയും കബളിപ്പിക്കുകയായിരുന്നു. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയതോടെ വീണ്ടും അജയനെയും സുമതിയെയും സമീപിച്ച് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ട പ്രവാസിക്ക്, മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ചെയ്തു. ഈ ചെക്കും മടങ്ങിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി പ്രവാസി തിരിച്ചറിഞ്ഞത്.

ഇതോടെ അജയനും സുമതിക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രവാസി. അഡ്വ. പ്രസാദ് ഗാന്ധി മുഖാന്തിരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സിഎംപി ഫയൽ ചെയ്യുകയും തുടർന്ന് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ 0390/2025 എന്ന നമ്പറിൽ എഫ്.ഐ.ആർ രജിസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയുമാണ്.

പരാതിക്കാരനായ പ്രവാസിക്ക് പുറമേ നിരവധിപേർ അജയന്റെയും മാതാവ് സുമതിയുടെയും സാമ്പത്തിക വഞ്ചനക്ക് ഇരയായതായാണ് വിവരം. ഇവരും ഇവർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് എക്‌സ്പ്രസ് വാർത്തയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരിച്ചുപോയ പിതാവ് മണിയുടെ സൽപേര് ഉപയോഗിച്ചാണ് അജയനും സുമതിയും ആളുകളിൽ നിന്ന് പണം കൈക്കലാക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

content highlight: The mother and son cheated the expatriate and stole lakhs

Latest News