Kerala

ബോഡി ബിൽഡിങ് താരങ്ങൾക്ക് പോലീസ് നിയമനം; സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി – kerala tribunal stays appointment

ബറ്റാലിയന്‍ എസ്‌ഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി

രാജ്യാന്തര ബോഡി ബില്‍ഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തിരേഷ് നടേശന്‍ എന്നിവരെ ചട്ടവിരുദ്ധമായി ആംഡ് പൊലീസില്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനു വീണ്ടും തിരിച്ചടി. ഇവരുടെ നിയമനം കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബറ്റാലിയന്‍ എസ്‌ഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഗസറ്റഡ് തസ്തികയില്‍ ഇവര്‍ക്കു നിയമനം നല്‍കിയത് സീനിയോറിറ്റിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടും പൊലീസ് മേധാവിയോടും ബറ്റാലിയന്‍ എഡിജിപിയോടും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിയമിച്ച ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. തന്നെ മനഃപൂര്‍വം തോല്‍പ്പിച്ചതാണെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഷിനു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി.

രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തിരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരാക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനു ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ചു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയായിരുന്നു മന്ത്രിസഭാ തീരുമാനം.

STORY HIGHLIGHT: kerala tribunal stays appointment