സിക്കിമിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും തമ്മിൽ നിയമസഭയിലെ ചര്‍ച്ചയുടെ തുടര്‍ച്ച സാമൂഹികമാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു. സിക്കിമിലെ ഓണറേറിയം 6,000 രൂപയാണെന്ന മന്ത്രിയുടെ വാദത്തെ ഖണ്ഡിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡീന്‍ കുര്യാക്കോസ് എം.പിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ നല്കിയ മറുപടി ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ വീണയ്ക്കെതിരെ രംഗത്തെത്തിയത്.
‘ഇന്ന് നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ഞാൻ പറഞ്ഞ വാദം ആയിരുന്നു സിക്കിം സർക്കാർ ആശാ വർക്കറുമാരുടെ ഓണറേറിയും 10000 രൂപയാക്കി എന്ന്. ആ കണക്ക് തെറ്റാണ് എന്നാണ് അങ്ങ് പറഞ്ഞത്. ഞാൻ പറഞ്ഞ കണക്കിന്റെ അടിസ്ഥാനം ബഹുമാന്യനായ ലോക്സഭ അംഗം ശ്രീ ഡീൻ കുര്യാക്കോസ്, 02/08/2024 ൽ പാർലമെന്റിൽ ചോദിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ നല്കിയ മറുപടിയുണ്ട്. ആ മറുപടിയിൽ കൃത്യമായി തന്നെ പറയുന്നുണ്ട് സിക്കിം സർക്കാർ ആശാ വർക്കറുമാർക്ക് 6000 രൂപയിൽ നിന്ന് 10000 ആയി വർദ്ധിപ്പിച്ചു എന്ന്. ആ കണക്ക് തെറ്റാണ് എന്നാണ് ആരോഗ്യ മന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്!!! സിക്കിം ഇന്ത്യയിൽ തന്നെയാണ് മന്ത്രി, ആ ഇന്ത്യയുടെ പാർലമെന്റിൽ സർക്കാർ പറഞ്ഞ മറുപടിയാണിത് മാഡം.’ രാഹുല്‍ കുറിച്ചു.
ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയും നല്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു. തുടർന്ന് സംസാരിച്ച രാഹുല്‍ മന്ത്രി പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേയെന്നും അവിടെ 10000 രൂപയാണ് ഓണറേറിയം എന്നും കൂട്ടിച്ചേര്‍ത്തു. പിന്നാലെ, മറുപടിയുമായി എത്തിയ മന്ത്രി താന്‍ പഠിച്ചത് കേരളത്തിലെ സ്കൂളിലും കോളേജിലുമാണെന്ന് പറഞ്ഞു. തന്റെ കൈയില്‍ സിക്കിം സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതില്‍ ഓണറേറിയമായി കാണിച്ചിരിക്കുന്നത് 6,000 രൂപ എന്നാണ്. അത് വിശ്വസിക്കുക എന്നത് മാത്രമാണ് തത്ക്കാലം നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനുള്ള മറുപടി കുറിപ്പാണ് ഫേസ്ബുക്കിലൂടെ രാഹുൽ പങ്കുവെച്ചിരിക്കുന്നത്.
STORY HIGHLIGHT: asha workers honorarium debate