ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിലേയിന്റെ കുടുംബം ഏജന്റ് ബിജു സലാസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. തോമസിന്റെ മൃതശരീരം ഏതു വിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനു ശേഷം നിയമനടപടികളിലേക്കു കടക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
‘ബിജുവാണ് ഇവരെ രണ്ടു പേരെയും ഇവിടെനിന്ന് കൊണ്ടുപോയത്. ഇതിനിടെ ഒരു വെള്ളപ്പേപ്പറില്‍ ഒന്നും എഴുതാതെ ഒപ്പിട്ടു വാങ്ങി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ബിജുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയത്. എന്നിട്ടിപ്പോള്‍ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ബിജു കൊണ്ടുപോയ 65 പേരോളം അവിടെ ജയിലില്‍ കിടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെനിന്ന് കൊണ്ടുപോയതിനു ശേഷം ഈജിപ്തിലേക്ക് സന്ദര്‍ശക വീസ നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പത്തുപേരുണ്ടെങ്കില്‍ മാത്രമേ ഇസ്രയേലിലേക്കു പോകാന്‍ കഴിയൂ എന്ന് അറിഞ്ഞു. എന്നാല്‍ ഇതിനിടെ ബിജു രണ്ടുപേരെയും ലൊക്കേഷന്‍ നല്കി പറഞ്ഞുവിടുകയായിരുന്നു. ഏങ്ങനെയെങ്കിലും തോമസിന്റെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാക്കിയൊക്കെ അതു കഴിഞ്ഞ് നോക്കും.’ സഹോദരീഭര്‍ത്താവ് പറഞ്ഞു.
തോമസ് ഗബ്രിലേിന്റെ മൃതശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്കി. തോമസിന്റെ ഭാര്യ ക്രിസ്റ്റീന മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേല്‍ ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ജോര്‍ദാന്‍ സൈനികരുടെ വെടിയേറ്റു മരിച്ചതായാണ് എംബസി വീട്ടുകാര്‍ക്കു നല്കിയ വിവരം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ് പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
STORY HIGHLIGHT: thomas gabriel jordan death case