ആഡംബര ബുട്ടീക്കില്‍നിന്ന് വധുക്കള്‍ക്കുള്ള വിവാഹവസ്ത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടെ രണ്ടുകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികളും യുവതിയും പിടിയിയില്‍.സൗത്ത് ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയിലെ ഒരു ഫാം ഹൗസിനുള്ളിലാണ് ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. ആണ്‍കുട്ടികളില്‍ ഒരാള്‍, കവര്‍ച്ച നടത്തിയ ബുട്ടീക്കിലെ മുന്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു.
ആണ്‍കുട്ടികളും യുവതിയും ബുട്ടീക്കിന് മുന്‍പിലെത്തി. തുടര്‍ന്ന് യുവതി സുരക്ഷാ ജീവനക്കാരനോട് താന്‍ ബുട്ടീക്കിന്റെ ഉടമയുടെ ബന്ധുവാണെന്നും ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡി.എസ്.പി. അചിന്‍ ഗാര്‍ഗ് പറഞ്ഞു. യുവതി സുരക്ഷാജീവനക്കാരന്റെ ശ്രദ്ധതിരിച്ചതിന് പിന്നാലെ ആണ്‍കുട്ടികള്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. ശേഷം മൂന്നുപേരും ചേര്‍ന്ന് വധുക്കള്‍ ഉപയോഗിക്കുന്ന വിലകൂടിയ അന്‍പതോളം വിവാഹവസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണവും നാല് പെയിന്റിങ്ങുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
സുരക്ഷാജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കള്‍ ബുട്ടീക്കിലെ സി.സി.ടി.വിയുടെ ഡി.വി.ആറും കൊണ്ടുപോയിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആണ്‍കുട്ടികള്‍ ഇരുവരും ചേര്‍ന്നാണെന്നും ഇവര്‍ സുല്‍ത്താന്‍പുര്‍ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: robbery from delhi boutique