വിവാഹം കഴിഞ്ഞ് രണ്ടാംദിവസം നവവധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഫെബ്രുവരി 24-ന് വിവാഹിതയായ യുവതിയാണ് 26-ാം തീയതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാൽ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി നവവരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി.
വിവാഹത്തിന് മുന്‍പ് വധുവും വരനും തമ്മില്‍ ശാരീരികബന്ധമുണ്ടായിരുന്നതായാണ് വധുവിന്റെ വീട്ടുകാരുടെ ആരോപണം. എന്നാല്‍, വരന് ഈ ആരോപണം നിഷേധിച്ചു. ഫെബ്രുവരി 24-ാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. പിറ്റേദിവസം വധു വരനൊപ്പം വരന്റെ വീട്ടിലെത്തി. ഫെബ്രുവരി 26-ന് രാവിലെ നവവധു തന്നെയാണ് വരന്റെ വീട്ടിലുള്ളവര്‍ക്ക് ചായയും ഭക്ഷണവും തയ്യാറാക്കി നല്‍കിയത്. എന്നാല്‍, വൈകീട്ടോടെ തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഇതോടെ നവവരനും വീട്ടുകാരും ഞെട്ടിപ്പോയി. ഇതിന് പിന്നാലെ രണ്ടുമണിക്കൂറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്കുകയുംചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും തന്നെ വഞ്ചിച്ചെന്നുമാണ് വരന്റെ പരാതി. വിവാഹദിവസം വയറിനുമുകളില്‍ വരെയുള്ള ലെഹങ്കയാണ് വധു ധരിച്ചിരുന്നതെന്നും ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വരന്റെ സഹോദരിയും പ്രതികരിച്ചു. കുഞ്ഞിന്റെ പിതാവ് ആരാണെന്ന് യുവതി തുറന്നുപറയണമെന്നും സഹോദരി ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് വിവാഹം ഉറപ്പിച്ചതെന്നും ഇതിനുശേഷം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച വരൻ ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
STORY HIGHLIGHT: bride delivers baby two days after marriage